malekkal-

കുമരകം: എന്തുവിശ്വസിച്ച് ഈ പാലത്തിലേക്ക് കയറും. സർവ്വദൈവങ്ങളേയും വിളിച്ചാണ് ഈ യാത്ര. മറുകരയെത്തിയാലും ഭയപ്പാട്. തോടിന് കുറുകെയുള്ള മാളേക്കൽ നടപ്പാലം നാട്ടുകാരിൽ നിറയ്ക്കുന്നത് ആശങ്കയും ഭീതിയും മാത്രമാണ്. പാലത്തിന്റെ ഒരു ഭാഗത്തെ നടക്കല്ലുകൾ തകർന്നു തോട്ടിൽ പതിച്ചിട്ടുണ്ട്. ഈ കാഴ്ച മതി യാത്രക്കാരുടെ മനസൊന്ന് പതറാൻ. തോട്ടിൽ വീണേക്കാം... പക്ഷേ യാത്രക്കാർ ഭാഗ്യപരീക്ഷണത്തിന് തയാറാവുകയാണ്. കുമരകം പഞ്ചായത്ത് മൂന്നാം വാർഡിലെ മങ്കുഴി നിവാസികൾക്ക് പ്രധാന റോഡിലെത്താൻ മാളേക്കൽ നടപ്പാലമാണ് ആശ്രയം. അല്ലേങ്കിൽ കുറച്ച് അപ്പുറമുള്ള കാരിക്കത്ര പാലം കയറണം. അതിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഏത് നിമിഷവും നിലംപൊത്താം.

പരാതി, പരിഭവം... എത്രകാലം

അടിതട്ട് ഇളകിയ മാളേക്കൽ പാലത്തിന്റെ നേർചിത്രം നാട്ടുകാർ പലതവണ അധികാരികളെ ധരിപ്പിച്ചിട്ടുണ്ട്. പക്ഷേ എന്ത് പ്രയോജനമെന്ന് നാട്ടുകാരുടെ മറുചോദ്യം. 3, 6 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാലത്തിലൂടെ യാത്ര അത്രപന്തിയല്ലെന്ന് അധികാരികൾക്കുമറിയാം. മുൻ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് എം.എൽ.എ ഫണ്ട് ലഭ്യമാക്കിയെങ്കിലും അനുവദിച്ച 20 ലക്ഷം മതിയാകാതെ വന്നതിനാൽ പദ്ധതി ഉപേക്ഷിച്ചിരുന്നു.

പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

നടക്കല്ലുകളും അടിതട്ടും ഇളകി.

കാലപ്പഴക്കത്താൽ സ്ലാബുകളും തകർന്നു

കൈവരികളും അടർന്നുവീഴാം

കോൺക്രീറ്റ് പാളികൾ ദ്രവിച്ചു

ആറ്റിൽ നാട്ടിയ തൂണുകളിലെ കോൺക്രീറ്റ് പാളികൾ ദ്രവിച്ച നിലയിലാണ്. ഇത് പാലത്തിന്റെ സ്ഥിതി ഏറെ ദയനീയമാക്കുന്നു.