
വലവൂർ: നന്നാക്കാനാണെന്നും പറഞ്ഞ് അപകടാവസ്ഥയിലായിരുന്ന കലുങ്കിന്റെ കുറച്ച് ഭാഗം കുത്തിപ്പൊളിച്ചത് പ്രതിഷേധത്തിനിടയാക്കി. വലവൂർ മരങ്ങാട്ടുപള്ളി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിസാൻനഗർ പരുവിനാടി റോഡിലെ പൊട്ടങ്കിൽ ഭാഗത്തുള്ള കലുങ്കാണ് ഭാഗികമായി കുത്തിപ്പൊളിച്ചത്.
ഇതോടെ ഇതുവഴിയുള്ള വാഹനയാത്ര ഭീഷണി നേരിടുന്നു. അപായ മുന്നറിയിപ്പ് ബോർഡൊന്നും സ്ഥാപിച്ചിട്ടുമില്ല. കലുങ്കിന്റെ ഭാഗത്തെ റോഡ് ഇടിയാനുള്ള സാദ്ധ്യതയുമുണ്ട്.
പതിറ്റാണ്ടുകളോളം തകർന്നുകിടന്ന കിസാൻനഗർ പരുവിനാടി റോഡ് ഒന്നരവർഷം മുമ്പാണ് മാണി സി. കാപ്പൻ എം.എൽ.എ. അനുവദിച്ച തുക ഉപയോഗിച്ച് നല്ല രീതിയിൽ ടാർ ചെയ്തത്. എന്നാൽ പൊട്ടങ്കിൽ ഭാഗത്തെ പഴയ കലുങ്ക് അങ്ങനെ തന്നെ നിർത്തി കലുങ്കിനു മുകളിലൂടെ ടാർ ചെയ്തുപോയി. റോഡിലെ വളവിന്റെ ഭാഗത്തുള്ള കലുങ്ക് നേരത്തെ തന്നെ ശോച്യാവസ്ഥയിലായിരുന്നതിനാൽ ടാർ ചെയ്യുംമുമ്പ് നന്നാക്കേണ്ടതായിരുന്നു. ഇതുണ്ടായില്ല.
പൊളിച്ചത് കേന്ദ്ര പദ്ധതിയെന്നും പറഞ്ഞ്
രണ്ടരമാസം മുമ്പ് പ്രധാനമന്ത്രിയുടെ കേന്ദ്ര റോഡ് പദ്ധതിയിൽപ്പെടുത്തി പണിയാനാണെന്ന് പറഞ്ഞാണ് നിർവഹണ ഉദ്യോഗസ്ഥരെത്തി കലുങ്കിന്റെ മുകൾഭാഗത്തെ റോഡിന്റെ പകുതിയോളം വരുന്ന ടാറിംഗ് കുത്തിപ്പൊളിച്ചത്. തുടർന്ന് റോഡിന്റെ ഒരു വശത്തുകൂടിയാക്കി ഗതാഗതം. ഇത് അപകട ഭീഷണി ഉയർത്തിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. റോഡ് കുത്തിപ്പൊളിച്ചവർ തന്നെ ആ ഭാഗത്ത് മണ്ണിട്ട് മൂടി.
കാലവർഷം കനത്തതോടെ ഇവിടെ മണ്ണ് ഇരുന്നിട്ടുണ്ട്. വളവിലാണ് കലുങ്ക് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ വഴിപരിചയമില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. അപകടമുന്നറിയിപ്പ് ബോർഡുകളോ വീപ്പ പോലുള്ള തടസങ്ങളോ റോഡിൽ സ്ഥാപിക്കാത്തത് അപകട സാദ്ധ്യത കൂട്ടും.
എത്രയുംവേഗം കലുങ്ക് നന്നാക്കണം
പൊട്ടങ്കിൽ ഭാഗത്തെ കലുങ്ക് എത്രയും വേഗം നന്നാക്കണമെന്നാവശ്യപ്പെട്ട് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ പൊതുമരാമത്ത് വകുപ്പ് അധികാരികൾക്ക് പരാതി നൽകി. കലുങ്ക് നന്നാക്കണമെന്ന് കിസാൻനഗർ പൗരസമിതി യോഗവും ആവശ്യപ്പെട്ടു. ടോണി നിരണത്ത്, ജോസ് മതിയനാൽ, സജി കല്ലുപുറത്ത്, ജോഷി എബ്രാഹം എന്നിവർ പ്രസംഗിച്ചു. ജോയി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു.