
പാലാ: നഗരത്തിൽ ജോസ് കെ. മാണിക്കെതിരായി പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സ് ബോർഡ് കത്തിച്ച് കേരള കോൺഗ്രസ് എം കൗൺസിലർമാർ. നഗരസഭയ്ക്ക് മുന്നിൽ പാലത്തിൽ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡാണ് കത്തിച്ചത്. ജോസ് കെ. മാണി പാലായ്ക്ക് അപമാനമാണെന്നും ബിനു പുളക്കക്കണ്ടത്തിന് അഭിവാദ്യങ്ങളെന്നും എഴുതിയ പോസ്റ്ററാണ് കഴിഞ്ഞ രാത്രി ആരോ നഗരത്തിൽ പതിപ്പിച്ചത്. ബിനു പുളിക്കക്കണ്ടമാണ് പാലായ്ക്ക് അപമാനമെന്ന് കേരള കോൺഗ്രസ് എം കൗൺസിലർമാരും പറഞ്ഞു. കഴിഞ്ഞ ദിവസം ബിനു പുളിക്കക്കണ്ടത്തിനെ സി.പി.എം പുറത്താക്കിയിരുന്നു.
ജോസ് കെ. മാണിക്കും സി.പി.എമ്മിനും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് നഗരസഭാ വളപ്പിൽ നിന്നും ഇവർ ടൗണിലേക്കെത്തിയത്. നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തിന്റെ നേതൃത്വത്തിലാണ് ഫ്‌ളക്‌സ് ബോർഡ് കീറി തീ കൊളുത്തിയത്. കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, ജോസ് ചീരാംകുഴി, ജോസിൻ ബിനോ, പ്രവർത്തകരായ സുനിൽ പയ്യപ്പള്ളി, ബിജു പാലൂപ്പടവൻ എന്നിവരും നേതൃത്വം നല്കി.