 
കോട്ടയം: നഗരവാസികൾക്ക് ആശ്വാസം... പൈപ്പുകൾ സ്ഥാപിക്കാനായി റോഡരികിൽ സ്ഥാപിച്ച കുഴികൾ വാട്ടർ അതോറിട്ടി അടച്ചു തുടങ്ങി. നഗരസഭാ പരിധിയിൽ പൈപ്പുകൾ സ്ഥാപിച്ച റോഡുകളുടെ അറ്റകുറ്റപ്പണികളാണ് പുരോഗമിക്കുന്നത്. പൈപ്പുകൾ സ്ഥാപിച്ചശേഷം അധികൃതർ തിരിഞ്ഞു നോക്കാത്തതിനെത്തുടർന്ന് ഒരുവർഷത്തോളം കുഴികൾ ജനങ്ങൾക്ക് വലിയ തലവേദനയായിരുന്നു. തകർന്നു തരിപ്പണമായ റോഡിലൂടെയുള്ള സഞ്ചാരം പൊതുജനങ്ങളുടെ നടുവൊടിച്ചിരുന്നു. കുഴിയെ ഭയന്ന് ഇരുചക്ര വാഹനയാത്രക്കാർ ഓടയ്ക്ക് മുകളിലുള്ള സ്ലാബിലൂടെയാണ് കടന്നു പോയിരുന്നത്. ടാറിംഗ് പൂർണമായി പൊട്ടിപ്പൊളിഞ്ഞ് കല്ലും ചരലും നിറഞ്ഞ നിലയിലും മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും ഇവിടെ സാധിക്കില്ലായിരുന്നു. ഇടറോഡുകളുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു.
അമൃത് പദ്ധതി വഴി
വാട്ടർ അതോറിട്ടിയുടെ അമൃത് പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 12 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്ന തുക. നഗരസഭയുടെ എല്ലാ വാർഡുകളിലുമാണ് അറ്റകുറ്റപണികൾ ചെയ്യുന്നത്. 70 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയായി. മഴയെതുടർന്ന് താത്‌കാലികമായി നിർത്തിവെച്ചിരുന്ന നിർമ്മാണം ഇന്നലെ പുനരാരംഭിച്ചു. ചെല്ലിയൊഴുക്കം റോഡ്, എസ്.എച്ച് റോഡ് എന്നിവിടങ്ങളിലാണ് നിലവിൽ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നത്.
തീരാശാപമായി വെള്ളക്കെട്ട്
റോഡിലെ കുഴികൾ അടഞ്ഞെങ്കിലും ചെല്ലിയൊഴുക്കം റോഡിലെ വെള്ളക്കെട്ടിന് മാറ്റമില്ല. ഓട നിറഞ്ഞ് മലിനജലം ഉൾപ്പടെ റോഡിൽ നിറയും. മഴക്കാലത്ത് വെള്ളം നിറഞ്ഞ കുഴിയിൽ വീണ് അപകടങ്ങളും നിത്യം. മനോരമ ജംഗ്ഷന് സമീപത്ത് നിന്നും ശാസ്ത്രി റോഡിലേക്ക് പ്രവേശിക്കുന്ന എളുപ്പ മാർഗമാണ് ചെല്ലിയൊഴുക്കം റോഡ്. ചെറുവാഹനങ്ങൾ നഗരത്തിലെ തിരക്ക് ഒഴിവാക്കി, ശാസ്ത്രി റോഡ്, നാഗമ്പടം, മാർക്കറ്റ് റോഡ്, ലോഗോസ് ജംഗ്ഷൻ എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി നിരവധി പേരാണ് ഈ റോഡ് ഉപയോഗിക്കുന്നത്.