electric

പാലാ : വൈദ്യുതിലൈനിന് സമീപം ലോഹത്തോട്ടി പ്രയോഗം നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ,​ അരുതേ...ശ്രദ്ധയൊന്ന് തെറ്റിയാൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും. നഷ്ടം കുടുംബത്തിന് മാത്രം. ഇന്നലെ പാലാ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ അദ്ധ്യാപകൻ മാനത്തൂർ പനയ്ക്കപ്പന്തിയിൽ ജിമ്മി ജോസിന്റെ മരണത്തിനിടയാക്കിയതും ലോഹത്തോട്ടിയാണ്. മരച്ചില്ല മുറിക്കുന്നതിനിടെയായിരുന്നു അപകടം.

കഴിഞ്ഞ മൂന്നു മാസത്തിനിടെ കെ.എസ്.ഇ.ബി പാലാ ഡിവിഷന് കീഴിൽ മൂന്നുപേർക്കാണ് ഇങ്ങനെ ജീവൻ പൊലിഞ്ഞത്. മരങ്ങാട്ടുപിള്ളി സെക്ഷന് കീഴിൽ ഏപ്രിൽ 10 നും,​ മേയ് 16 നുമായിരുന്നു രണ്ടുമരണം. ഒരാഴ്ച മുമ്പ് ഇരുമ്പ് തോട്ടിയുമായി ചക്കയിടുന്നതിനിടെ 11 കെ.വി. ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റയാളെ അന്യസംസ്ഥാന തൊഴിലാളിയുടെ ഇടപെടലിൽ രക്ഷപ്പെടുത്തി. തലനാട് ദേവസ്യാ വളവ് ഭാഗത്തായിരുന്നു സംഭവം. പേണ്ടാനത്ത് ബിജുവിനാണ് കൈയ്ക്ക് നിസാര പൊള്ളലേറ്റത്. ഇതിന് മുൻപ് മറ്റൊരാളും കൂടി ഭാഗ്യത്താൽ രക്ഷപ്പെട്ടിരുന്നു. ചക്ക, മാങ്ങ തുടങ്ങിയവ പറിക്കുമ്പോഴാണ് അപകടങ്ങളേറെയും. പലതവണ കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയിട്ടും അപകടങ്ങൾക്ക് കുറവില്ല. സ്‌കൂൾതലം മുതൽ ലോഹത്തോട്ടി ഉപയോഗം സംബന്ധിച്ച് കെ.എസ്.ഇ.ബി അധികൃതർ ക്ലാസുകളുമെടുക്കുന്നുണ്ട്.

പിടഞ്ഞ് വീഴരുതേ, ശ്രദ്ധിക്കാം ഇവ

വൈദ്യുതിലൈനുകൾക്ക് സമീപമുള്ള വൃക്ഷശിഖരങ്ങൾ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബി സഹായം തേടണം

ലോഹത്തോട്ടികൾ ഉപയോഗിച്ച് ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയ ഫലങ്ങൾ പറിച്ചെടുക്കാൻ ശ്രമിക്കരുത്

ഷോക്കേറ്റ വ്യക്തിയെ വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം മാത്രമേ സ്പർശിക്കാവൂ

ഷോക്കേറ്റയാളെ ഉണങ്ങിയ തടിക്കഷണം ഉപയോഗിച്ച് വേണം തട്ടിമാറ്റാൻ
കെട്ടിട നിർമ്മാണ ജോലികൾ ചെയ്യുമ്പൾ ലൈനിൽ നിന്ന് അകലം പാലിക്കണം

ലോഹനിർമ്മിത പൈപ്പുകളുള്ള റോളർബ്രഷുകൾ ഉപയോഗിച്ച് പെയിന്റിംഗ് ജോലി ചെയ്യരുത്
നനഞ്ഞ വിരലുകൾ ഉപയോഗിച്ച് സ്വിച്ചുകൾ പ്രവർത്തിപ്പിക്കരുത്.
വൈദ്യുതിലൈനുകളുടെ മുകളിൽക്കൂടി വൃക്ഷങ്ങൾക്കുള്ള താങ്ങുകമ്പി വലിച്ചുകെട്ടരുത്
വൈദ്യുതി പോസ്റ്റുകളിലോ സ്റ്റേ കമ്പികളിലോ കന്നുകാലികളെ കെട്ടരുത്

കമ്പി പൊട്ടിക്കിടപ്പുണ്ടോ, അറിയിക്കണേ..

വൈദ്യുതികമ്പി പൊട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സമീപത്ത് പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. വിവരം ഉടൻ തൊട്ടടുത്ത കെ.എസ്.ഇ.ബി ഓഫീസിലോ, 9496010101 എന്ന നമ്പരിലോ അറിയിക്കണം.

''വൈദ്യുതി ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസെടുക്കുന്നതിനും തയ്യാറാണ്. വിവിധ സ്‌കൂളുകളിൽ ക്ലാസെടുക്കാൻ പോകുന്നുണ്ട്. ഇന്നലെ അദ്ധ്യാപകൻ തന്നെ ഷോക്കേറ്റ് മരിച്ചത് ഞെട്ടലുണ്ടാക്കി. ഏത് സമയത്തും എന്നെ ബന്ധപ്പെടാം. ഫോൺ : 9446008303.

-ജി.എസ്. ബിബിൻ , പാലാ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ ഇൻ-ചാർജ്