
കോട്ടയം: നീണ്ട കാത്തിരിപ്പുകൾക്കും വിവാദങ്ങൾക്കും ഒടുവിൽ തിരുനക്കരയിൽ ബസ് ബേ ആരംഭിച്ചു. എന്നാൽ കാത്തിരിപ്പ് കേന്ദ്രം പോലുമില്ലാതെ ഏറെ പരീധീനതകളുമായാണ് ബസ് ബേ തുടങ്ങിയിരിക്കുന്നത്. പൊടിശല്യം രൂക്ഷമായ ഇവിടെ ഇതിനും പ്രതിവിധിയൊന്നും കണ്ടിട്ടില്ല. ബസ് സ്റ്റാൻഡിനുള്ളിൽ ആകെയുള്ളത് തിരുനക്കര സ്റ്റോപ്പ് എന്നെഴുതിയ ബോർഡ് മാത്രമാണ്. ട്രാഫിക് പൊലീസും ഡ്യൂട്ടിയിലുണ്ട്.
ബുധനാഴ്ച മുതൽ ബസ് ബേ ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സ്റ്റാൻഡിലെ ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് ഒരു ദിവസത്തെ സാവകാശം കൂടി മുനിസിപ്പൽ സെക്രട്ടറി ജില്ല ലീഗൽ സർവിസ് അതോറിട്ടി (ഡി.എൽ.എസ്.എ)യോട് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മുതൽ തിരുനക്കര പഴയ സ്റ്റാൻഡിനുള്ളിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റി ഇറക്കി തുടങ്ങി. രാവിലെ പതിവുപോലെ ബസുകൾ പോസ്‌റ്റോഫിസ് റോഡിലൂടെയാണ് പോയിരുന്നത്. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് നഗരസഭ, അടിയന്തരമായി സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കുവാൻ നടപടി സ്വീകരിച്ചത്.
9 മാസങ്ങൾക്ക് ശേഷം
ഒൻപത് മാസങ്ങൾക്ക് ശേഷമാണ് കോട്ടയം തിരുനക്കര സ്റ്റാൻഡ് പ്രവർത്തനക്ഷമമായത്. കാലപ്പഴക്കം മൂലം പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം പൊളിക്കുന്ന നടപടികളുമായി ബന്ധപ്പെട്ടാണ് സ്റ്റാൻഡിനുള്ളിൽ ബസുകൾ കയറുന്നത് കഴിഞ്ഞ സെപ്തംബർ മുതൽ നിർത്തി വച്ചത്. ഇതിനുശേഷം ബസുകൾ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിലാണ് യാത്രക്കാരെ കയറ്റി ഇറക്കിയിരുന്നത്. യാത്രാ ദുരിതത്തിനൊപ്പം നഗരത്തിൽ വലിയ ഗതാഗതകുരുക്കും ഇത് സൃഷ്ടിച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ലീഗൽ സർവീസസ് സൊസൈറ്റി ഇടപെട്ടത്.
കാത്തിരിപ്പുകേന്ദ്രം ഇല്ല,
ബസ് സ്റ്റാൻഡ് തുറന്നു നൽകിയെങ്കിലും കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി. ടെൻഡർ വിളിച്ച് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുന്നതിന് കാലതാമസമെടുക്കുന്നതിനാൽ സ്‌പോൺസറെ കണ്ടെത്തി താൽക്കാലികമായി കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കും.