മഴക്കാലമാണ്... വാഹനയാത്രക്കാർ ഏറെ ജാഗ്രത പുലർത്തേണ്ട കാലവും. മഴയെത്തിയതോടെ ജില്ലയുടെ കിഴക്കൻമേഖലയിലേക്കുള്ള യാത്രയിൽ അപകടസാധ്യത നിറയുകയാണ്. ചിലയിടങ്ങളിൽ തകർന്ന റോഡുകളാണ് വെല്ലുവിളി ഉയർത്തുന്നത്. മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള കെണികളുമുണ്ടാകും. വെല്ലുവിളികൾ നിറഞ്ഞ പാതകളിൽ ജാഗ്രത കൈവിടാതെ യാത്ര തുടരാം....

റോഡിൽ മണ്ണ് നിറയും,

പിന്നെ തെന്നിമറിയും

പാലാ: ഇപ്പോൾ ഉഴുത് മറിച്ചിട്ടപോലെയാണ് മലയോരമേഖലയിലെ റോഡുകൾ. കല്ലും മണ്ണുമെല്ലാം റോഡിൽ നിരന്നിരിക്കുന്നു. അപകടസാധ്യത എത്രത്തോളമെന്ന് പറയുകയും വേണ്ട. കാലവർഷം കനക്കുമ്പോൾ റോഡുകളുടെ അവസ്ഥ എന്താകുമെന്ന് പറയാനാവില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി കാര്യമായ മഴ പെയ്യാത്തത് മലയോര നിവാസികൾക്ക് ആശ്വാസമാണ്. വെള്ലം കുത്തിയൊലിക്കുന്നതും സംരക്ഷണഭിത്തി ഇടിഞ്ഞു മണ്ണും കല്ലും ഒഴുകുന്നതും റോഡുകൾ തകരാൻ കാരണമാണ്.

മീനച്ചിൽ താലൂക്കിലെ കിഴക്കൻ പഞ്ചായത്തുകളായ പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട് എന്നിവിടങ്ങളിലെ മിക്ക റോഡുകളും കാലവർഷത്തിൽ തകർന്നിട്ടുണ്ട്. കനത്ത മഴയിൽ റോഡുകളിലൂടെയാണ് കൂറ്റൻ കല്ലും മണ്ണുമെല്ലാം ഒഴുകിയെത്തുന്നത്. റോഡിന്റെ തീരത്തുള്ള ചെറിയ മതിലുകളും സംരക്ഷണഭിത്തിയും ഇടിഞ്ഞ് റോഡിലേക്കു വീഴുകയാണ്. വലിയ കല്ലുകൾ ഒഴുകിയെത്തി കലുങ്കുകളും അടയുന്നതോടെ വെള്ളക്കെട്ടിനും കാരണമാകും.വാഹനയാത്രക്കാർ ഇതിലേക്ക് വീഴാനും ഇടവരും.

സംരക്ഷണഭിത്തി നിർമ്മിക്കണം

റോഡിലേക്ക് മണ്ണിടിഞ്ഞു വീഴാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സംരക്ഷണഭിത്തികൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ റോഡിന്റെ ഉയർന്ന ഭാഗങ്ങളിൽ 6 അടി മാത്രം ഉയരത്തിൽ സംരക്ഷണഭിത്തി നിർമ്മിക്കാൻ മാത്രമേ പൊതുമരാമത്തു വകുപ്പിന് സാധിക്കുകയുള്ളു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ തീക്കോയി പഞ്ചായത്തിലെ മലയോര മേഖലയിലെ റോഡുകൾ പലതും മണ്ണിനടിയിലായി. വെള്ളികുളം പുള്ളിക്കാനം റോഡിലും മണ്ണിടിച്ചിലുണ്ടായി.


ഫോട്ടോ അടിക്കുറിപ്പ്

മലയോര മേഖലയിൽ ശക്തമായ മഴയിൽ റോഡിലേക്ക് കല്ലും മണ്ണും ഒഴുകിയിറങ്ങിയ നിലയിൽ