കരീമഠം: കരീമഠം സ്‌കൂളിന് സമീപത്തെ അപകടാവസ്ഥയിലായിരുന്ന പാലം അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കി. ഒളോക്കരി, വി കെ വി പാടശേഖരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും, കരീമഠം സ്കൂളിലേക്കുള്ള എളുപ്പ മാർഗവുമായ നടപ്പാലം അപകടാവസ്ഥയിലായിരുന്നു. പാലത്തിന്റെ പഴകി ദ്രവിച്ച തടിപ്പലകകൾ മാറ്റി ഇരുമ്പ് തകിട് സ്ഥാപിച്ചു. കൈവരികൾ മാറ്റി പുതിയത് പിടിപ്പിച്ചു. വിദ്യാർത്ഥികളും കർഷകരും ഉൾപ്പെടെയുള്ള ആളുകൾക്ക് ജീവഭയം കൂടാതെ തൽക്കാലം മറുകര എത്താം.
ഏതാനും മാസങ്ങൾക്കു മുൻപ് കരീമഠം സ്കൂളിലെ വിദ്യാർത്ഥികൾ പാലത്തിൽ നിന്ന് താഴെ വീണ് അപകടത്തിൽപ്പെട്ടിരുന്നു. അപകടാവസ്ഥയിലായ പാലം പുതുക്കി പണിയുന്നതിന് കാലതാമസം നേരിട്ടത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അടിയന്തിര സാഹചര്യം പരിഗണിച്ച് ഗ്രാമപഞ്ചായത്ത് പെറ്റി വർക്കിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും തുക കുറവയിരുന്നതിനാൽ പണി ഫലപ്രദമായില്ല. പഞ്ചായത്തിന്റെയും , നാട്ടുകാരുടെയും , യുവജന പ്രസ്ഥാനങ്ങളുടെയും അഭ്യർത്ഥന കണക്കിലെടുത്ത് മന്ത്രി വി.എൻ വാസവന്റെ ഇടപെടലിലൂടെ ലഭിച്ച അടിയന്തിര സഹായം പ്രയോജനപ്പെടുത്തി ഇപ്പോൾ ജോലികൾ ചെയ്തത്.