
ചങ്ങനാശേരി: നിരോധിത ലഹരി ഉത്പന്നങ്ങൾ മുതൽ വിദേശയിനം സിഗരറ്റ് വരെ. ചങ്ങനാശേരി നഗരത്തിലും പരിസരപ്രദേശങ്ങളിലും അധികാരികളുടെ മൂക്കിന് താഴെ ലഹരി വില്പന പൊടിപൊടിക്കുകയാണ്.
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നൂറുകണക്കിനാളുകളാണ് ലഹരി ഉത്പന്നങ്ങളുടെ ഉപഭോക്താക്കൾ. സാധാരണ നടക്കുന്ന കച്ചവടത്തിൻ്റെ മറവിലാണ് നഗരത്തിലെ പലകടകളിലും ലഹരിവിൽപന. സ്ഥിരം ആളുകൾക്ക് മാത്രം 'സാധനം' കൊടുക്കുന്നവരുമുണ്ട്. വിദ്യാർത്ഥികളെ പലരെയും യൂണിഫോമിൽ കടകളുടെ പിൻവശങ്ങളിലും ബസ് സ്‌റ്റാൻഡുകളിലെ ഇടവഴിയിലും തമ്പടിച്ചിരിക്കുന്നത് കാണാം. വൻവിലയുള്ള വിദേശ സിഗരറ്റ് വ്യാപകമായ രീതിയിൽ നഗരത്തിൽ പലയിടത്തും വിൽക്കുന്നുണ്ട്.
രഹസ്യ അറ
പൊലീസിൻ്റെയും എക്സൈസിൻ്റെയും കണ്ണുവെട്ടിക്കാൻ കടയ്ക്കുള്ളിലെ രഹസ്യ അറയിലാണ് ലഹരി ഉത്പന്നങ്ങൾ സൂക്ഷിക്കുക. പരിചയക്കാർക്ക് മാത്രം കൈമാറും. വിദ്യാർത്ഥികൾ കോഡ് ഭാഷ പറഞ്ഞ് പണം നൽകിയാൽ സാധനം കൈയിൽ കൊടുക്കും.
മുൻവർഷങ്ങളിൽ പൊലീസും എക്സൈസും സ്‌കൂളുകളുടെ സഹകരണത്തോടെ ലഹരിക്കെതിരെയുള്ള നടപടികൾ തുടർച്ചയായി സ്വീകരിച്ചിരുന്നു. വ്യാപകമായ പരിശോധനയുമുണ്ടായിരുന്നു. വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാന്നാണ് ജനത്തിന്റെ ആവശ്യം.
ഭീതിയോടെ മണികണ്ഡവയൽ
തൃക്കൊടിത്താനം മണികണ്‌ഠവയലിൽ രാത്രി നാട്ടുകാർക്ക് വഴി നടക്കാൻ കഴിയാത്ത വിധമാണ് ലഹരിസംഘത്തിൻ്റെ വിളയാട്ടം. പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ല. പ്രദേശത്തെ ചിലയുവാക്കൾ ഉൾപ്പടെയുള്ള സംഘമാണ് തലവേദനയെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം റോഡിലൂടെ നടന്നു പോയ യുവാവിനു നേരെ ആക്രമണമുണ്ടായി അയർക്കാട്ടുവയൽ ലൈബ്രറി ജംഗ്ഷൻ ഭാഗത്തും യുവാവിനെ ലഹരിസംഘം കമ്പിവടിയും, ഇടിക്കട്ടയും ഉപയോഗിച്ച് ആക്രമിച്ചു. കുറച്ചുനാൾ മുൻപ് പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർക്ക് നേരെയും ലഹരി സംഘത്തിൻ്റെ ആക്രമണമുണ്ടായി. ഈ ഭാഗത്തേക്ക് പൊലീസെത്തിയാൽ മുൻകൂട്ടി ഇവരെ അറിയിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. മറ്റു സ്‌ഥലങ്ങളിൽ നിന്നും ഒട്ടേറെപേർ ആഡംബര ബൈക്കുകളിൽ രാത്രി എത്തുന്നുണ്ട്.