
കോട്ടയം : ലക്ഷങ്ങൾ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന വീട്ടിലും, ഫ്ളാറ്റിലും മോടി കൂട്ടാൻ പലതും ചെയ്യുമ്പോഴും സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ ഏറെപ്പിന്നിൽ. കുവൈറ്റിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ പാർപ്പിടങ്ങളുടെ സുരക്ഷ സംബന്ധിച്ച ചോദ്യമുയരുന്നത്. കഴിഞ്ഞ വർഷം മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചിരുന്നു. ഇന്നലെ പുതുപ്പള്ളിയിൽ വീടിന് തീപിടിച്ചതാണ് ഒടുവിലത്തെ സംഭവം. പുതിയ ഫ്ലാറ്റ് വാങ്ങുമ്പോൾ ഫയർഫോഴ്സ് വാഹനങ്ങൾക്ക് ചുറ്റും തിരിയാനുള്ള സൗകര്യമുണ്ടോയെന്നടക്കം പരിശോധിക്കണം. ഷോർട്ട് സർക്യൂട്ട്, ഗ്യാസ് സിലിണ്ടർ എന്നിവയാണ് തീപിടിത്തത്തിലേക്ക് നയിക്കുന്നത്. പരിചയ സമ്പന്നരായ ഇലക്ട്രീഷ്യൻമാരുടെ സേവനം പ്രയോജനപ്പെടുത്താത്തതും, ഗുണനിലവാരമില്ലാത്ത വയറുകളുടെ ഉപയോഗവുമാണ് ഷോർട്ട് സർക്യൂട്ടിനിടയാക്കുന്നത്. ഗ്യാസ് സിലിണ്ടറുകൾ വീടിനുള്ളിൽനിന്ന് പുറത്തേക്കു മാറ്റി പൈപ്പ് ലൈനിലിലൂടെ വാതകം വീട്ടിനുള്ളിലേക്ക് എത്തിക്കാം. ചോർച്ചയുണ്ടായാൽ സിലിണ്ടർ പൊട്ടിത്തെറിച്ചാലും വീടിനുള്ളിലുള്ളവർക്ക് പരിക്കേൽക്കില്ല. നിസാര തുകയ്ക്ക് വീട് ഇൻഷ്വർ ചെയ്ത് സുരക്ഷിതമാക്കാമെങ്കിലും ഇത് അറിയാവുന്നവർ വളരെ കുറവാണ്. 10 ലക്ഷം രൂപയുടെ കവറേജിന് 800 രൂപയിൽ താഴെയാണ് ചെലവ്.
സുരക്ഷ ചുരുങ്ങിയ ചെലവിൽ
വീടിനുള്ളിൽ നിന്ന് പുക ഉയർന്നാൽ അലാറം മുഴക്കുന്ന സ്‌മോക് സെൻസറുകൾ ഘടിപ്പിക്കാൻ 5000 രൂപയ്ക്ക് താഴെ മതി. 3000 രൂപയിൽ താഴെ മുടക്കിയാൽ ഫയർ എക്സിറ്റിംഗ്യുഷർ കിട്ടും. വീട്ടിലെ വയറിംഗിലേക്ക് നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഷോർട്ട് സർക്യൂട്ടിൽ ഇൻവർട്ടറുകളും പണിമുടക്കും. അതേസമയം വൈദ്യുതി മുടങ്ങുമ്പോൾ ബാറ്ററിയിൽ സ്വയം പ്രവർത്തിക്കുന്ന ലൈറ്റുകൾ ഇടനാഴികളിലോ പ്രധാന ഹാളിലോ സ്ഥാപിക്കുന്നത് ഉപകാരപ്പെടും. അലങ്കാര മച്ചുകൾ (ഫാൾസ് സീലിംഗ്) പോലുള്ളവ ഒഴിവാക്കണം. വയറിംഗിൽ നിന്ന് മുകളിലേക്ക് പടരുന്ന തീ മറ്റു മുറികളിലേക്കെത്താൻ ഇത് ഇടയാക്കും.
ശ്രദ്ധിക്കാം, അപകടമൊഴിവാക്കാം
ഗുണമേന്മയുള്ള വയറുകൾ മാത്രം ഉപയോഗിക്കണം
വർഷത്തിലൊരിക്കൽ വൈദ്യുതി പരിശോധന
തീപിടിത്ത സാദ്ധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുത്
കൃത്യ ഇടവേളകളിൽ എ.സി അറ്റകുറ്റപ്പണി നടത്തണം
സിലിണ്ടർ വീടിന് വെളിയിൽ ലോക്ക് ചെയ്ത് സൂക്ഷിക്കണം
ഒരു വർഷത്തിൽ തീപിടിച്ചത് 10 വീടുകൾക്ക്
''വിദ്യാഭ്യാസമുള്ളവർക്ക് പോലും തീപിടിത്തമുണ്ടായാൽ എന്ത് ചെയ്യണമെന്നറിയില്ല. റിസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചാൽ ഒരു പരിധിവരെ ഇതൊഴിവാക്കാം.
-ഫയർഫോഴ്സ് അധികൃതർ