കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിൽ സുരക്ഷിതവും അപകടരഹിതവുമായി ബസ് ഓടിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് ബസ് ഉടമകളുടെ പരാതി. സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ, ടൂവീലറുകൾ, പാർസൽ വാഹനങ്ങൾ എന്നിവയുടെ അനധികൃത പാർക്കിംഗ് ഒഴിവാക്കുക, സ്റ്റാൻഡിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുന്ന റോഡിലെ അനധികൃത പാർക്കിംഗുകൾ ഒഴിവാക്കി ബസുകൾക്ക് കയറുന്നതിനുള്ള സൗകര്യം ഒരുക്കുക, ബസിനുള്ളിലെ അനധികൃത ഭിക്ഷാടനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്ഒയ്ക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് കമ്മിറ്റി നിവേദനം നൽകിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം, എരുമേലി പൊലീസ് സ്റ്റേഷനുകളിൽ അസോസിയേഷൻ സെക്രട്ടറി കെ.എസ് ജയകൃഷ്ണൻനായരാണ് നിവേദനം നൽകിയിരിക്കുന്നത്.