പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം നവീകരിക്കുന്നു
പാലാ: നഗരസഭ സ്റ്റേഡിയത്തിൽ ഏഴുകോടി രൂപ ചെലവിൽ നവീകരണപദ്ധതി നടപ്പാക്കും. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്റെ പുനരുദ്ധാരണം സാങ്കേതികാനുമതി ലഭിച്ചാലുടൻ ടെണ്ടർ ചെയ്യുമെന്ന് പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തനും വിദ്യാഭ്യാസകലാകായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും അറിയിച്ചു. മുൻമന്ത്രി കെ.എം.മാണി മുൻകൈയെടുത്ത് 25 കോടിയോളം രൂപാ മുടക്കി നിർമ്മിച്ച പാലാ നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം ആകെ താറുമാറായിരുന്നു. കാലവർഷത്തിൽ വെള്ളം കയറി സിന്തറ്റിക് ട്രാക്ക് പലയിടത്തും ഇളകിപ്പോയ നിലയിലായിരുന്നു. ഗ്രീൻഫീൽഡും കരിഞ്ഞുണങ്ങിയിരുന്നു. ഇതെല്ലാം പരിഹരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നടപടികൾ അതിവേഗത്തിൽ
കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പിയുടെ ശ്രമഫലമായാണ് സംസ്ഥാന ബഡ്റ്റിൽ പദ്ധതിക്കായി പണം നീക്കിവെച്ചത്.
സിന്തറ്റിക്ക് ട്രാക്ക് , ഗ്രീൻഫീൽഡ് , ഗ്യാലറി, റൂഫിംഗ്, പെയിന്റിംഗ് തുടങ്ങിയ വർക്കുകൾക്കായുള്ള ഭരണാനുമതിയും ഡി.പി.ആറും ലഭ്യമായിട്ടുണ്ട്.
നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ, വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ തോമസ് പീറ്റർ, കേരളാ സ്‌പോട്‌സ് ഫൗണ്ടേഷൻ പ്രതിനിധി മനോജ്, അസി.എക്‌സി.എൻജിനീയർ അഭിജിത്ത്, അസി.എൻജിനീയർ വിഷ്ണു എന്നിവരടങ്ങിയ സംഘം സ്റ്റേഡിയം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ
എട്ടുവരി സിന്തറ്റിക് ട്രാക്ക്
സിന്തറ്റിക് വാംഅപ്പ് ഏരിയ
സ്‌പോർട്‌സ് കോംപ്ലക്‌സ്
മേൽക്കൂരയുള്ള 25 മീറ്റർ സ്വിമ്മിംഗ് പൂൾ
പൊതുജനങ്ങൾക്ക് നടക്കാൻ സ്റ്റേഡിയത്തിന് പുറത്തുകൂടി വാക്ക്‌വേ
മികച്ച നിലവാരത്തിൽ ശൗചാലയങ്ങൾ