rd

കോട്ടയം:അപകടഭീഷണി ഉയർത്തി താഴത്തങ്ങാടിയിൽ മീനച്ചിലാറിന്റെ തീരത്ത് വിള്ളൽ. കോട്ടയം- കുമരകം പാതയുടെ അരിക് ചേർന്നാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. മഴ ശക്തമായാൽ തീരം ആറ്റിലേക്ക് പതിക്കാനും സാധ്യതയുണ്ട്. തീരത്തെ മരവും കടപുഴകിവീഴാം. റോഡ് ഇടിഞ്ഞുതാഴാനും സാധ്യതയുണ്ട്. സ്‌കൂൾ വാഹനങ്ങൾ, ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് റോഡിലൂടെ കടന്നുപോകുന്നത്. കുമരകം, ചേർത്തല തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നതിനുള്ള പ്രധാന പാതയാണിത്.

മരം ഉയർത്തുന്ന ഭീഷണി


തീരത്ത് നിൽക്കുന്ന മാവ് ചെരിയുന്നതനുസരിച്ച് തീരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വിള്ളൽ വ്യാപിക്കാം. മാവ് നിലംപതിച്ചാൽ റോഡിന്റെ വലിയയൊരു ഭാഗം മീനച്ചിലാറ്റിലേക്ക് പതിക്കും. അപകടസാധ്യതയുമേറും. കാൽനടയാത്രികരും സായാഹ്ന സവാരിക്കാരും ഉൾപ്പെടെ നിരവധി പേർ ആറിന്റെ തീരത്ത് എത്തുന്നതും പതിവാണ്. താഴത്തങ്ങാടിയിൽ തീരസംരക്ഷണ നിർമ്മാണത്തെ തുടർന്നും മുമ്പ് തീരം ഇടഞ്ഞിരുന്നു. പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.