
ഏറ്റുമാനൂർ : നിയന്ത്രണംവിട്ട കാർ ബൈക്കിലും ഓട്ടോറിക്ഷയിലും തട്ടിയശേഷം വ്യാപാരസ്ഥാപനത്തിലേക്ക് ഇടിച്ചുകയറി. ഏറ്റുമാനൂർ കട്ടച്ചിറ പള്ളിക്കവലയിലാണ് അപകടം. തൊടുപുഴ സ്വദേശിയുടേതായിരുന്നു കാർ. കളിമൺപാത്ര വ്യവസായ സഹകരണ സംഘത്തിന് മുൻപിൽ പ്രദർശനത്തിനായി നിരത്തിവച്ചിരുന്ന മൺചട്ടികൾ തകർത്തശേഷം സമീപത്തെ ചിക്കൻ സെന്ററിന്റെ മുൻവശത്തെ കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചാണ് കാർ നിന്നത്. കൂടല്ലൂർ കവലയിലെ ഓട്ടോ സ്റ്റാൻഡിലെ ദിനിലിന്റെ ഓട്ടോറിക്ഷയുടെ മുൻവശം തകർന്നു. ചെങ്ങളം കാഞ്ഞിരമറ്റം സ്വദേശിയായ സ്ത്രീയുടെ കൈക്കും സാരമായി പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.