പാലാ: സ്‌കൂൾ വിദ്യാർത്ഥികളിൽ ജൈവകൃഷിയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന 'ജൈവം' പദ്ധതിക്ക് പാലാ സെന്റ് തോമസ് ടി.ടി.ഐയിൽ തുടക്കമായി.

പദ്ധതിയുടെ ഭാഗമായി വിവിധ പച്ചക്കറികളുടെ 500 തൈകൾ പാലാ അഗ്രികൾച്ചർ അസി. ഡയറക്ടർ ട്രീസ സെലിൻ ജോസഫ് സ്‌കൂൾ ഹെഡ്മാസ്റ്റർ സിബി പി.ജെയ്ക്ക് കൈമാറി. സ്‌കൂൾ പരിസരത്തെ അഞ്ച് സെന്റ് ഭൂമിയിൽ കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം പൂർത്തിയാകുകയാണ്. പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും ലഭ്യമാക്കും. പാലാ അസി.അഗ്രികൾച്ചർ ഓഫീസർ പ്രഭാകുമാരി, അഗ്രികൾച്ചർ അസി.സനീർ എസ്.എ, ഇക്കോ ക്ലബ് കോർഡിനേറ്റർ ടിജോ ജോസ് എന്നിവർ പ്രസംഗിച്ചു.