
മണർകാട്: പഞ്ചായത്തിലെ നാലാം വാർഡിലെ റോഡിലൂടെ പോകുന്നവർ ഒന്നു ശ്രദ്ധിച്ചേക്കണേ... ചിലപ്പോൾ നടുവൊടിയാൻ വരെ സാദ്ധ്യതയുണ്ട്. ഇത് പ്രദേശവാസികൾ തന്നെ തരുന്ന മുന്നറിയിപ്പാണ്. ഇവിടുത്തെ ഗ്രാമീണ പാതകളാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. റോഡ് നിറയെ കുണ്ടും കുഴിയും ചിതറിക്കിടക്കുന്ന കല്ലുകളും. എന്നിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
മാലം-തുരുത്തിപ്പടി റോഡ്, തുരുത്തിപ്പടി-മുണ്ടയ്ക്കൽപ്പടി റോഡ്, തുരുത്തിപ്പടി- കുറുപ്പംപറമ്പിൽ റോഡ്, മാലം-പോസ്‌റ്റോഫീസ് റോഡ് എന്നീ റോഡുകളാണ് വർഷങ്ങളായി ജനത്തെ ദുരിതത്തിലാക്കുന്നത്. ഈ റോഡുകളിലെ കുഴികളടച്ച് റീ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നടുവൊടിക്കും കുഴികൾ...
ഇരുചക്രവാഹനങ്ങൾ, സ്‌കൂൾ ബസുകൾ തുടങ്ങി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് കൂടിയാണിത്. കുഴികളിൽ ചാടിച്ചാടി വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നു. ഇതോടൊപ്പം യാത്രക്കാരും ഇതുവഴി വന്നല്ലോ എന്ന അവസ്ഥയിലുമെത്തുന്നു. ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിന്റെ ദുരവസ്ഥ അനുഭവിച്ച് മടുത്ത പ്രദേശവാസികൾ ചേർന്ന് വലിയ കുഴികളിൽ കല്ലുകൾ നിരത്തി താൽക്കാലികമായി അപകടസാദ്ധ്യത ഒഴിവാക്കിയെന്നതാണ് ഏക ആശ്വാസം.
കുഴിയടച്ച് തടിതപ്പി...
പതിവുപോലെ വാട്ടർ അതോറിട്ടിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് റോഡ് കുത്തിപ്പൊളിച്ചത്. താൽക്കാലികമായി റോഡിലെ കുഴിയുള്ള ഭാഗംമാത്രം കോൺക്രീറ്റ് ചെയ്ത് അധികൃതർ തടിതപ്പി. തുടർച്ചയായുള്ള പൈപ്പ്‌ലൈനുകളുടെ പൊട്ടലും മഴക്കാലത്ത് റോഡിൽ ഉണ്ടാകുന്ന വെള്ളത്തിന്റെ കുത്തൊഴുക്കും വെള്ളക്കെട്ടും പുതിയ കുഴികൾ രൂപപ്പെടുന്നതിനും ഉള്ള കുഴികളുടെ വ്യാപ്തി കൂട്ടുന്നതിനും ഇടയാക്കുന്നു.