
മുണ്ടക്കയം: കൊടുംവളവിലെ കുഴികൾ അപകടക്കെണിയായി. ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങനയ്ക്ക് സമീപമാണ് അപകടക്കുഴികൾ. ദേശീയപാതയിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കുഴികൾ പെട്ടെന്ന് കാണാനാവില്ല. അടുത്തെത്തുമ്പോഴാവും അറിയുക. പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും വാഹനം വെട്ടിച്ചുമാറ്റുന്നതുമെല്ലാം അപകടം വിളിച്ചുവരുത്തും. ഇരു ചക്രവാഹനങ്ങൾ കുഴികളിൽ അകപ്പെട്ട് അപകടം പതിവാണ്. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കും. കുഴിയുടെ ആഴം അറിയാനൊക്കില്ല.
റോഡിന്റെ വശങ്ങളിൾ ഓട ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ വെള്ളം റോഡിലൂടെ പരന്നൊഴുകും. ഇതാണ് ടാറിംഗ് തകർന്ന് കുഴി രൂപപ്പെടാൻ കാരണം.
സാധാരണഗതിയിൽ പോലും നിരവധി അപകടങ്ങൾ നടന്ന സ്ഥലമാണ് പൈങ്ങനയിലെ കൊടുംവളവ്. നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്ന് മുമ്പ് ഇവിടെ ദേശീയപാത വിഭാഗം വളവിന് വീതി കൂട്ടിയിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ റോഡിന്റെ നടുക്ക് തന്നെ വാ പിളർന്ന് അപകടക്കുഴികളും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഏഴോളം അപകടങ്ങൾ ഇവിടെ സംഭവിച്ചതായി പ്രദേശവാസികൾ പറയുന്നു. രാത്രി സമയങ്ങളിലാണ് അപകടങ്ങൾ ഏറെയും. അപകടങ്ങൾ ഉണ്ടാകുന്നത് വരെ കാത്തുനിൽക്കാതെ ദേശീയപാത വിഭാഗം കുഴികൾ അടയ്ക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.