pala

പാലാ: '' ഞങ്ങൾ പതിനഞ്ച് പേർ, ഞങ്ങൾ ഒറ്റക്കെട്ട് '' ഇന്നലെ പാലാ നഗരസഭായോഗം തുടങ്ങിയ ഉടനെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞ കമന്റ് കേട്ട് അടുത്തിരുന്ന മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും നിലവിലെ വൈസ് ചെയർപേഴ്‌സൺ ലീന സണ്ണിയും പൊട്ടിച്ചിരിച്ചു. നഗരസഭയിലെ സി.പി.എം. പാർലമെന്ററി പാർട്ടി ലീഡറായിരുന്ന അഡ്വ. ബിനു പുളിക്കക്കണ്ടത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് പരാമർശിച്ചായിരുന്നു ബൈജു കൊല്ലംപറമ്പിലിന്റെ കമന്റ്. ബിനുവിനോടൊപ്പം നിലകൊള്ളുന്ന ഷീബാ ജിയോയെയും ഭരണപക്ഷം തങ്ങളുടെ കൂട്ടത്തിൽ കൂട്ടിയിട്ടില്ലെന്ന ഒളിയമ്പും ബൈജുവിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നു.

പാർട്ടിയിൽ നിന്നും പുറത്താക്കിയശേഷം ആദ്യമായി നടന്ന ഇന്നലത്തെ നഗരസഭാ യോഗത്തിൽ പക്ഷേ അഡ്വ. ബിനു പുളിക്കക്കണ്ടം പങ്കെടുത്തില്ല. ജോസ് കെ. മാണിയോടുള്ള എതിർപ്പ് മൂലം കറുത്ത ഉടുപ്പ് ധരിച്ച് കൗൺസിലിൽ വന്നിരുന്ന ബിനു പുളിക്കക്കണ്ടം വെളുത്ത ഉടുപ്പ് ധരിച്ച് ഇന്നലെ കൗൺസിലിൽ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ കൗൺസിലിന് പോകണമെന്ന് കരുതിയെങ്കിലും നിനച്ചിരിക്കാതെ വന്ന ചില സാഹചര്യങ്ങൾ മൂലം കൗൺസിൽ യോഗത്തിന് എത്താൻ കഴിഞ്ഞില്ലെന്ന് അഡ്വ. ബിനു പുളിക്കക്കണ്ടം പറഞ്ഞു.

ഇന്നലത്തെ കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തെ കേരളാ കോൺഗ്രസ് (എം), സി.പി.എം., സി.പി.ഐ. കൗൺസിലർമാർ ഒരുമിച്ചിരുന്നതും ശ്രദ്ധിക്കപ്പെട്ടു.

പതിവിൽ നിന്ന് വ്യത്യസ്തമായി അഭിപ്രായ വ്യത്യാസങ്ങളോ ബഹളങ്ങളോ ഒന്നുമില്ലാതെ ഇന്നലത്തെ കൗൺസിൽ യോഗം സമാധാനപരമായിരുന്നു.