pala

പാലാ: നഗരത്തിൽ റിവർവ്യൂ റോഡിന് സമീപം ഓടയുടെ മുകളിൽ വിരിച്ചിരുന്ന ഇരുമ്പു ഗ്രില്ലിനിടയിൽ കാൽ കുരുങ്ങി വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നഗരസഭ.

അടിയന്തരമായി ഗ്രില്ല് മാറ്റി തുടർനടപടികൾ സ്വീകരിക്കണമെന്ന് ചെയർമാൻ ഷാജു വി. തുരുത്തൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ എന്നിവർ പൊതുമരാമത്ത് വകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദർശിച്ച ശേഷം പി.ഡബ്ല്യു.ഡി. എൻജിനീയർമാരെ ചെയർമാൻ നേരിട്ട് വിളിച്ച് അടിയന്തര നടപടികൾ നിർദ്ദേശിക്കുകയായിരുന്നു.

നഗരത്തിലെ ഓടകൾക്ക് മേലുള്ള ഇരുമ്പ് ഗ്രില്ലുകൾ പലഭാഗത്തും തുരുമ്പെടുത്ത് ദ്രവിച്ച് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടമുണ്ടാക്കുന്ന വാർത്ത മാസങ്ങൾക്ക് മുന്നേ കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

പാലാ കുരിശുപള്ളി ജംഗ്ഷനിൽനിന്ന് വസ്ത്ര വ്യാപാര സ്ഥാപനത്തിന് സമീപത്തുകൂടി ലിങ്ക് റോഡ് റിവർവ്യൂ റോഡിൽ ചേരുന്നിടത്താണ് ഓടയുടെ ഇരുമ്പ് മേൽമൂടി തകർന്നിരിക്കുന്നത്. പഴകി ദ്രവിച്ച് തുരുമ്പെടുത്ത് അപകടാവസ്ഥയിലാണ്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇതുവഴി നടന്നുപോവുന്നതിനിടെ തുരുമ്പിച്ച പൈപ്പിനും പട്ടയ്ക്കുമിടയിൽ കാൽ കുരുങ്ങിയാണ് പതിനെട്ടുകാരി വിദ്യാർത്ഥിനിക്ക് പരിക്കേറ്റത്. മുറിവേറ്റ് കിടന്ന വിദ്യാർത്ഥിനിയെ ഏറെ പണിപ്പെട്ടാണ് തുരുമ്പിച്ച ഇരുമ്പ് ഗ്രില്ലിനിടയിൽനിന്ന് പുറത്തേയ്‌ക്കെടുത്തത്. തുടർന്ന് പാലാ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

താൽക്കാലിക പരിഹാരം ഉടൻ ചെയ്യും: പി.ഡബ്ല്യു.ഡി.

വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം നഗരസഭാ ചെയർമാൻ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ഇവിടെ താൽക്കാലിക പ്രശ്‌നപരിഹാരത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്. റോഡിലെ വെള്ളം ഒഴുകി ഓടയിലേക്ക് വീഴാനുള്ള സൗകര്യത്തിനാണ് ഇരുമ്പ് ഗ്രില്ലുകൾ പിടിപ്പിച്ചത്- പി.ഡബ്യു.ഡി. അധികാരികൾ വിശദീകരിച്ചു.