ഏറ്റുമാനൂർ: നഗരസഭയുടെ 34ാം വാർഡിൽ വി.കെ.ബി റോഡിൽ നാട്ടുകാർക്കും വഴി യാത്രക്കാർക്കും ഭീഷണിയായി ഒരു വൈദ്യുതി പോസ്റ്റ്. ഒരു വശത്തേക്ക് ചെരിഞ്ഞുനിൽക്കുന്ന വൈദ്യുതി പോസ്റ്റ് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണിപ്പോൾ.
വീതി കുറഞ്ഞ റോഡിൽ അശാസ്ത്രീയമായ രീതിയിൽ ഓട നിർമ്മാണത്തിന് മണ്ണെടുത്തത് അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന ആരോപണത്തെ തുടർന്ന് ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, വൈദ്യുതി വകുപ്പ് മന്ത്രി, സഹകരണവകുപ്പ് മന്ത്രി, നഗരസഭാ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. സ്ഥലപരിശോധന നടത്തിയ കെ.എസ്.ഇ.ബി അധികൃതർ പോസ്റ്റ് അപകടാവസ്ഥയിലായതിന് കാരണം ചുവട്ടിലെ മണ്ണ് നീക്കം ചെയ്തതാണെന്ന് കണ്ടെത്തി. അശാസ്ത്രീയമായി മണ്ണ് നീക്കിയതുമൂലം ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിലായത് ചൂണ്ടിക്കാട്ടി നഗരസഭയ്ക്ക് കത്ത് നൽകുമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.