
ചങ്ങനാശേരി : കണ്ണ് തുറപ്പിക്കണം ഈ ദുരന്തം. ഇനിയും ഇത് ആവർത്തിക്കരുത്. രണ്ട് വിദ്യാർത്ഥികളുടെ ജീവനാണ് പൊലിഞ്ഞത്.
നാട്ടുകാരുടെ രോഷം തിളക്കുകയാണ്. തൃക്കൊടിത്താനം ചെമ്പുംപുറത്ത് പാറക്കുളത്തിന് സംരക്ഷണവേലി നിർമ്മിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇതിനോടെല്ലാം മുഖം തിരിഞ്ഞ് നിന്ന അധികൃതരുടെ അനാസ്ഥ ഇല്ലാതാക്കിയത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷയാണ്. പാറക്കുളത്തിന്റെ ഉടമസ്ഥനായ സ്വകാര്യവ്യക്തിയോട് ഉദ്യോഗസ്ഥർ കാട്ടിയ വിധേയത്വമാണ് അപകടത്തിനിടയാക്കിയത്. മീൻ പിടിക്കാനും, കുളിക്കാനുമാണ് കുട്ടികൾ ഇവിടെ എത്തുന്നത്. ആഴം, അടിത്തട്ടിലെ ചെളി എന്നിവയെ കുറിച്ചറിയാതെയാണ് പലരും വെള്ളത്തിലേക്ക് ഇറങ്ങുന്നത്. കുളത്തിന് ചുറ്റും കാടാണ്. ഏറെ അകലെയുള്ളത് രണ്ടുവീടുകൾ മാത്രം.
മാടപ്പള്ളിയിലും സമാന ദുരന്തം
മാസങ്ങൾക്ക് മുമ്പാണ് മാടപ്പള്ളി മോസ്‌കോ കവലയിൽ സ്ത്രീയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് വാഹനങ്ങൾക്കടക്കം ഇവിടെ എത്താൻ പ്രയാസമാണ്. മഴക്കാലത്ത് മാത്രമാണ് കൂടുതൽ വെള്ളം. കുളത്തിന് അടിഭാഗം ചേറും, ചെളിയും നിറഞ്ഞ് കിടക്കുകയാണ്. ഇതിൽ ഒരാൾ കാൽ വഴുതി വീഴുകയും മറ്റേയാൾ രക്ഷിക്കാൻ ഇറങ്ങിയതുമാണ് അപകടത്തിന് കാരണമായത്. ഇവിടെയും സംരക്ഷണവേലിയും, മുന്നറിയിപ്പ് ബോർഡുമില്ല.