gg

കോട്ടയം : കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി നാട്ടിലെത്തിയ ജോർജ് കുര്യന് ജന്മനാട് നൽകിയത് വൻസ്വീകരണം. നമ്പ്യാകുളം പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം പുറത്തേക്കിറങ്ങിയ മന്ത്രിയെ നാട്ടുകാരും ബന്ധുക്കളും പാർട്ടി പ്രവർത്തകരും സ്നേഹം കൊണ്ട് മൂടി. കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും സ്വീകരണമൊരുക്കിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് കേരളത്തിൽ അടുത്ത 50 വർഷത്തേക്ക് വരുന്ന മാറ്റത്തിന്റെ സൂചനയാണ് നൽകുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പ്രബലമായ രണ്ടു മുന്നണികളുടെയും പോരാട്ടത്തിനിടെ 20 ശതമാനത്തിലധികം വോട്ടു സമാഹരിച്ചത് നേട്ടമാണ്. പല മുഖ്യമന്ത്രിയുൾപ്പെടെ പ്രമുഖ നേതാക്കളുടെ ബൂത്തുകളിൽ പോലും എൻ.ഡി.എ മുന്നേറ്റമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിക്ക് തിരുനക്കര തേവരുടെ ചിത്രം ആലേഖനം ചെയ്ത ഫലകവും സമ്മാനിച്ചു. സാമൂഹിക സാംസ്‌കാരിക നേതാക്കൾ, ആത്മീയ ആചാര്യന്മാർ, ബി.ജെ.പി സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ ആശംസ നേർന്നു. തുടർന്ന് ജോർജ് കുര്യൻ മറുപടി പ്രസംഗം നടത്തി.