ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരത്തെ കുരുക്കാനാണ് ഈ ഓട്ടോറിക്ഷകളുടെ കറക്കം. ചില ഓട്ടോറിക്ഷ ഡ്രൈവർമാരുടെ നിയമലംഘനം സംബന്ധിച്ച് പരാതി വ്യാപകമാണ്. ഓരോ ബസുകളെത്തുമ്പോഴും തൊട്ടുപിന്നാലെ ഓട്ടോകളെത്തും. ബസിൽ നിന്നും ഇറങ്ങുന്ന യാത്രക്കാരെ തേടിയുടെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പാച്ചിൽ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഉൾപ്പെടെ തലവേദനയാണ്. സ്റ്റാൻഡിൽ ഓട്ടം കാത്തുകിടക്കുന്ന ഓട്ടോറിക്ഷകൾക്ക് ആളെ കിട്ടാതെവരുന്നതും ഈ നിയമലംഘനത്തിന്റെ മറുവശമാണ്. ഈരാറ്റുപേട്ടയിലെ പ്രധാന ഭാഗമായ കുരിക്കൾ നഗറിലെ പൂഞ്ഞാർ ബസ് സ്റ്റോപ്പാണ് ഓട്ടോറിക്ഷകളുടെ പ്രധാന താവളം. കാഞ്ഞിരപ്പള്ളി, തൊടുപുഴ, പാലാ റോഡുകളിൽ നിന്നുമെത്തുന്ന സ്വകാര്യ ബസുകളുടെ ബസ് സ്റ്റാൻഡിന് മുൻപുള്ള പ്രധാന സ്റ്റോപ്പാണിത്. അതുകൊണ്ട് തന്നെ ഓരോ ബസ് എത്തുമ്പോഴും ആളെപിടിക്കാൻ ബസുകൾക്ക് പിന്നിൽ കറങ്ങുകയാണ് ഒരുകൂട്ടം ഓട്ടോകൾ. എതിരെ ബസ് വന്നാൽ നടുറോഡിൽ വെട്ടിച്ച് ആ ബസിന് പിന്നാലെ പായുന്ന കാഴ്ച ടൗണിൽ പതിവാണ്. പൂഞ്ഞാർ സ്റ്റോപ്പിൽ അനധികൃത ഓട്ടോ സ്റ്റാൻഡിന് സമാനമായ രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ. പലപ്പോഴും അഞ്ചിൽ കൂടുതൽ ഓട്ടോറിക്ഷകൾ വരെ ഇവിടെ അനധികൃതമായി പാർക്ക് ചെയ്യുന്നുണ്ട്.

പൊലീസിനെകൊണ്ട് ഒന്നുമാകില്ല

കുരിക്കൾ നഗറിൽ ഒരു പൊലീസുകാരന്റെ സേവനം മാത്രമാണുള്ളത്. ഒരാളെക്കൊണ്ട് നിയമലംഘനം തടയാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

മാർക്കറ്റ്, കോസ്‌വേ റോഡുകളിൽ നിന്നുള്ള പ്രവേശനം തടഞ്ഞ് ഗതാഗതക്കുരുക്ക് അഴിക്കാനുള്ള നിർദേശം പലതവണ ഗതാഗത ഉപദേശകസമിതി യോഗത്തിലുണ്ടായിട്ടും ഇതേവരെ നടപ്പാക്കാനായില്ല.


ഫോട്ടോ അടിക്കുറിപ്പ്

ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്ക്