കടുത്തുരുത്തി: കേരളത്തിന്റെ വിവിധ മേഖലകളിൽ നിറയുന്ന മതാധിപത്യത്തിന്റെയും മത പ്രീണനത്തിന്റെയും നേർക്കാഴ്ച്ചകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചതിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം ബാബു പറഞ്ഞു. അധികാരമുറപ്പിക്കാൻ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പ്രോത്‌സാഹിപ്പിക്കുമ്പോൾ അവഗണിക്കപ്പെടുന്നവരുടെ വികാരത്തെ കൂടി രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, ഡയറക്ടർ ബോർഡ് മെമ്പർ ടി.സി ബൈജു, വനിതാസംഘം പ്രസിഡന്റ് സുധാ മോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ടി.എൽ ഹരികൃഷ്ണൻ, സെക്രട്ടറി കെ.വി ധനേഷ് എന്നിവർ പ്രസംഗിച്ചു.