
ദേശീയപാതയോരത്തെ വൻമരങ്ങൾ യാത്രക്കാർക്ക് ഭീഷണി
മുണ്ടക്കയം: തല അല്പമൊന്ന് ഉയർത്തി മുകളിലേക്ക് നോക്കിയാൽ മനസൊന്ന് പതറും. കാറ്രിൽ ആ മരങ്ങൾ ആടിയുലയുമ്പോൾ ആശങ്ക ഇട്ടിയാകും. ഇവയിലൊന്ന് നിലംപൊത്തിയാൽ പിന്നെ എന്താകും അവസ്ഥ. ആലോചിക്കാനെ വയ്യ!. ചിറ്റടിക്കും ചോറ്റിക്കുമിടയിൽ ദേശീയപാതയോരത്തും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും ഇങ്ങനെ ഭീതിവിതച്ച് ഒരുപാട് മരങ്ങളുണ്ട്. എല്ലാം ഒത്തവണ്ണമുള്ളവ. പലതും ഏത് നിമിഷവും അപകടം വരുത്താൻ പാകത്തിലും. ദേശീയപാതയിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. മരങ്ങൾ കടപുഴകിയാലോ ശിഖരങ്ങൾ ഒടിഞ്ഞുവീണാലോ വലിയ അപകടമാകും കാണേണ്ടിവരിക. മുമ്പ് ശിഖരങ്ങൾ ഒടിഞ്ഞുവീണപ്പോൾ തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്. എന്നും എപ്പോഴും അങ്ങനെയാകണമെന്നില്ല.
വീണു,പക്ഷേ ഭാഗ്യം തുണച്ചു
കഴിഞ്ഞദിവസം മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിൽ പതിച്ചിരുന്നു. ഭാഗ്യം, ആർക്കും അപകടം സംഭവിച്ചില്ല. മരങ്ങളിൽ പലതിന്റെയും ശിഖരങ്ങൾ ഉണങ്ങിയിട്ടുണ്ട്. കാറ്ര് വീശിയാൽ ഇവ റോഡിലേക്ക് പതിക്കും. ഇത് വലിയ അപകടങ്ങൾക്ക് വഴിവെയ്ക്കും. കഴിഞ്ഞവർഷം പൊടിമറ്റത്തിന് സമീപം ഹൈവേ പൊലീസിന്റെ വാഹനത്തിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണിരുന്നു. അപകടത്തിൽ വാഹനത്തിന് കേടുപാട് സംഭവിച്ചു. അന്ന് പൊലീസ് ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഉത്തരവിട്ടു,പക്ഷേ...
മഴക്കാലം ആരംഭിക്കും മുമ്പ് അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്രാൻ കളക്ടർ ഉത്തരവിട്ടിരുന്നു. പക്ഷേ സ്വകാര്യ വ്യക്തികൾ ഉൾപ്പെടെ ആരും ഇത് ചെവികൊണ്ടില്ല.
ഭീഷണി ഉയർത്തുന്നത്: 10 ലേറെ മരങ്ങൾ