
ചങ്ങനശേരി : എങ്ങനെ വഴിനടക്കും. കണ്ണൊന്ന് തെറ്റിയാൽ, കടിയുറപ്പാണ്. അത്രയ്ക്ക് ദാരുണമാണ് ഞങ്ങളുടെ അവസ്ഥ. ശൗര്യത്തോടെ ചാടിവീഴുന്ന തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടുകയാണ് ചങ്ങനശേരിക്കാർ. എന്തിന് ജനറൽ ആശുപത്രിയിൽ പോലും രക്ഷയില്ലാത്ത അവസ്ഥ. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ജില്ലാ ഭരണകൂടം വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടും ജനത്തിന് ഭീതിയോടെ റോഡിലിറങ്ങേണ്ട ഗതികേടാണ്. പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും പ്രഭാത സവാരിക്കിറങ്ങുന്നവർക്കും, പത്രവിതരണക്കാർക്കും നേരെ നായ്ക്കൾ പാഞ്ഞടുക്കുകയാണ്. ജന.ആശുപത്രി അത്യാഹിത വിഭാഗത്തിന്റെയും, കുട്ടികളുടെ വിഭാഗത്തിന്റെയും മുൻവശം ഇവയുടെ വിഹാരകേന്ദ്രമാണ്. ആംബുലൻസുകൾക്കും, ഡോക്ടർമാരുടെ വാഹനങ്ങൾക്കടിയിലുമാണ് താമസം. നഗരസഭയ്ക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമില്ല. രാത്രികാലങ്ങളിൽ ഇരുചക്രവാഹനയാത്രക്കാർക്ക് നേരെ നായ്ക്കൾ കുരച്ച് ചാടുന്നത് അപകടങ്ങൾക്കും ഇടയാക്കും. കഴിഞ്ഞ ദിവസം ചന്തക്കടവ് തിരുക്കുടുംബ പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയ ആളെ തെരുവുനായ്ക്കൾ ഓടിച്ചു. പ്രദേശത്തെ കോഴികളെ പിടിക്കുന്നതും പതിവാണ്.
സ്ഥലം കണ്ടെത്തി, എ.ബി.സി സെന്റർ ഉയർന്നില്ല
വന്ധ്യംകരണത്തിൽ നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് നായ്ക്കൾ പെറ്റുപെരുകാൻ ഇടയാക്കിയത്. എ.ബി.സി സെന്റർ സ്ഥാപിക്കാൻ നഗരസഭ മൃഗാശുപത്രിക്ക് സമീപം സ്ഥലം കണ്ടെത്തി. തുകയും വകയിരുത്തി. തുടർനടപടികൾ ഉണ്ടായില്ല. നഗരസഭയ്ക്ക് മാത്രമായി പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് തൊടുന്യായം. മറ്റു പഞ്ചായത്തുകളെയും, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെയും കൂടി ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പൂർത്തിയാക്കാനാണ് ആലോചന. നിലവിൽ നായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ വാക്‌സിനേഷനാണ് നടക്കുന്നത്.
വില്ലൻ മാലിന്യം തന്നെ
പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് നഗരസഭ പറയുമ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്.
ഇവിടം ഇവരുടെ താവളം
ബസ് സ്റ്റാൻഡുകൾ
റവന്യു ടവർ പരിസരം
റെയിൽവേ സ്റ്റേഷൻ
ബോട്ട് ജെട്ടി, ആശുപത്രി
കുരിശുംമൂട്, പെരുമ്പനച്ചി
വലിയകുളം, തെങ്ങണ
പായിപ്പാട്, കുറിച്ചി
''നായശല്യവും, മാലിന്യ നിക്ഷേപവും നിയന്ത്രിക്കാനുള്ള നടപടികൾ ഫലം കാണുന്നില്ല. പൊതു നിരത്തിലെ ഭക്ഷണ ലഭ്യതയും നായ്ക്കളുടെ വളർച്ചയ്ക്കും കുഞ്ഞുങ്ങൾ പെരുകുന്നതിനും ഇടയാക്കുന്നു.
-രാജശേഖരൻ, വഴിയാത്രക്കാരൻ