കോട്ടയം : വെയിലും, മഴയുമേറ്റ് ഇനി ബസ് കാത്തുനിൽക്കേണ്ട. അല്പം വൈകിയാണെങ്കിലും യാത്രക്കാരുടെ ദുരിതം നഗരസഭ കണ്ടു. പരിഹാരവും തെളിയുകയാണ്. തിരുനക്കര ബസ് ബേയിൽ താത്കാലിക കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കും. ഇരിപ്പിടങ്ങളടക്കം ക്രമീകരിക്കും.
സ്റ്റാൻഡ് പൊളിച്ചുമാറ്റി മാസങ്ങൾ പിന്നിട്ടിട്ടും ബസുകൾ കയറ്റിവിടാത്തതായിരുന്നു ആദ്യ പ്രശ്നം. ലീഗൽ സർവീസസ് സൊസൈറ്റി ഇടപെടലിൽ അത് പരിഹരിച്ചു. പക്ഷെ കയറിനിൽക്കാനും, ഇരിക്കാനും ഇടമില്ലാത്തത് പ്രായമായവരെയടക്കം ബുദ്ധിമുട്ടിലാക്കി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അധികൃതർ ഉണർന്നത്. കാത്തിരിപ്പുകേന്ദ്ര നിർമ്മാണത്തിന് സ്‌പോൺസർമാരെ തേടാനാണ് കൗൺസിൽ തീരുമാനം. ഏഴുദിവസത്തിനകം പത്രങ്ങളിൽ പരസ്യം നൽകും.
എസ്റ്റിമേറ്റ് 4 ലക്ഷം രൂപ
അഞ്ചുമീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലും രണ്ട് ഷെഡുകൾ നിർമ്മിക്കാനായിരുന്നു എൻജിനിയറിംഗ് വിഭാഗത്തിന്റെ തീരുമാനം. ഒറ്റ ഷെഡായി നിർമ്മിക്കാമെന്ന് കൗൺസിൽ നിർദ്ദേശിച്ചു. നാലുലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. തനതുഫണ്ട് ചെലവഴിച്ച് നിർമ്മിക്കുമ്പോൾ ടെൻഡർ അടക്കം നടപടിക്രമങ്ങൾ പൂർത്തിയാകാൻ 45 ദിവസമെടുക്കും. സ്റ്റാൻഡിൽ റോട്ടറി ക്ലബിന്റെ ടോയ്‌ലെറ്റുകൾ തുറന്നുപ്രവർത്തിപ്പിക്കാൻ ആവശ്യപ്പെടും. മൈതാനം വീണ്ടും അളന്നുതിരിച്ച് റവന്യു അധികൃതർ നൽകിയ റിപ്പോർട്ട് ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ ചേരും.
നഗരസഭാദ്ധ്യക്ഷയെ ഉപരോധിച്ചു
കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നഗരസഭ ചെയർപേഴ്‌സണെ ഉപരോധിച്ചു. പൊലീസ് എത്തി ബലം പ്രയോഗിച്ചാണ് ഇവരെ നീക്കിയത്. സി.പി.എം ഏരിയ സെക്രട്ടറി ബി. ശശികുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഷീജ അനിൽ, എൻ. മനോജ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.ആർ.അജയ്, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി. മഹേഷ് ചന്ദ്രൻ, എം.ബി.പ്രതീഷ്, അമൃത, അതുൽ ജോൺ ജേക്കബ്, അജിൻ കുരുവിള ബാബു തുടങ്ങിയവർ പങ്കെടുത്തു.