കോട്ടയം: ഈ വർഷത്തെ വായനാപക്ഷാചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന രാവിലെ 10ന് വാഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതാക്കളായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലായ് ഏഴിന് അവസാനിക്കുന്ന രീതിയിലാണ് ഈ വർഷത്തെ വായനാപക്ഷാചരണം സംഘടിപ്പിക്കുന്നത്.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ് ആധ്യക്ഷം വഹിക്കും. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. പി.കെ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി വായനാ പക്ഷാചരണ സന്ദേശം നൽകും. സ്‌കൂൾ ലൈബ്രറിക്കുള്ള പുസ്തക കൈമാറ്റം വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി നിർവഹിക്കും. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കരുണാകരൻ പി.എൻ. പണിക്കർ അനുസ്മരണം നടത്തും. കുമാരി അക്ഷരലഷ്മി അരുൺ വായനാ അനുഭവം പങ്കുവയ്ക്കും.