chair

കോട്ടയം: പുതുതലമുറയ്ക്ക് പരിചിതമല്ലാത്തൊരു തൊഴിലിന് പിന്നാലെയാണ് ഏഴ് പതിറ്റാണ്ടായി ചാലുകുന്ന് തൈത്തറമാലിയിൽ കെ.സോമനാഥൻ എന്ന എൺപതുകാരൻ. പ്ളൈവുഡിന്റെ വരവിന് മുൻപുള്ള മേശയും കസേരയും കട്ടിലുമൊക്കെ പ്ളാസ്റ്റിക് വള്ളികളാൽ ചേർത്ത് കെട്ടി നെയ്തെടുക്കും. ചൂരലിൽ തുടങ്ങി പ്ളാസ്റ്റികിലെത്തിയ മാറ്റത്തിലും സോമനാഥന്റെ ഉപജീവനമാർഗത്തിന് മാറ്റമില്ല.

പത്താം വയസിൽ പിതാവ് പി.സി ആന്റണിയിൽ നിന്ന് പഠിച്ചെടുത്തതാണീ തൊഴിൽ. ആദ്യം സഹായിച്ച് ഒപ്പംകൂടി. പഠിക്കാൻ മിടുക്കനായിരുന്നതിനാൽ പ്രീഡിഗ്രിക്ക് സയൻസ് ഗ്രൂപ്പെടുത്തു. പക്ഷേ ​കുടുംബത്തിന്റെ വയറ് നിറയ്ക്കാൻ മുഴുവൻസമയ പണിക്കാരനായി. ചൂരലിലായിരുന്നു തുടക്കം. മുട്ടുചിറയിലെ സൊസൈറ്റിയിൽ നിന്ന് പച്ചച്ചൂരൽ വാങ്ങി വെള്ളത്തിലിട്ട് മെരുക്കിയെടുക്കും. ചീകി രാകി ചെറുവള്ളികളാക്കും. മേശയും കസേരയും ടീപ്പോയും കട്ടിലുമൊക്കെ ചൂരൽവള്ളികൾക്കൊണ്ട് നെയ്യും. കോട്ടയത്തെ പ്രമുഖ വീടുകളുടേയും അരമനകളുടേയും അകത്തളങ്ങളിൽ സോമനാഥന്റെ കൈവിരൽ പതിഞ്ഞ ഉപകരണങ്ങളുണ്ട്.

പ്ളാസ്റ്റികിലേയ്ക്കുള്ള മാറ്റം

പ്രായമായപ്പോൾ പലരും തൊഴിലുപേക്ഷിച്ചു. പുതുതലമുറയിലാരും ഈ വഴിക്ക് വരുന്നുമില്ല. മൂന്നു പതിറ്റാണ്ട് മുൻപ് പ്ളാസ്റ്റിക് നാരുകൾ ഇടംപിടിച്ചു. നാരുകൾ ചെറുതായി ചീകി മെഴുകുപയോഗിച്ച് മിനസപ്പെടുത്തും. അത് ഉപകരണങ്ങളിലെ സുശിരങ്ങളിൽ കോർത്ത് നെയ്തെടുക്കും. പല നിറങ്ങളിലുള്ള വള്ളികൾ ചേർത്താൽ പൂവും ഇലയുമൊക്കെയായി ഡിസൈനുകളും പിറക്കും. രണ്ട് പെൺമക്കളെ കെട്ടിച്ചുവിട്ടതും കുടുംബം പോറ്റിയത് ഈ വരുമാനത്തിലാണ്. മണിക്കൂറുകളോളം ഇരുന്ന് ചെയ്യേണ്ട ജോലിയായതിനാൽ ഇടയ്ക്ക് ശരീരം പിണങ്ങും. വഴങ്ങാത്ത ചൂരലുകളെ മെരുക്കിയ അതേ പ്രതീതിയിൽ കാലും കൈയും നിവർത്തിയെടുക്കും. ഒടുവിൽ പ്രായം മുട്ടുമടക്കും!