
കോട്ടയം: വീട്ടിൽ നിന്ന് യാത്രപറഞ്ഞിറങ്ങുന്നവർ ജീവനറ്ര് തിരിച്ചെത്തുന്ന ദുരന്തചിത്രങ്ങൾ. ഒന്നല്ല ഒരായിരം അനുഭവങ്ങൾ നമുക്ക് മുമ്പിലുണ്ട്. നിരത്തുകളിൽ പൊലിഞ്ഞ എത്രയെത്ര ജീവനുകൾ. അശ്രദ്ധ, അമിതവേഗം അങ്ങനെ കാരണങ്ങൾ പലതാണ്. നിരത്തുകൾ ചോരക്കളമാകുമ്പോൾ വീടുകളിൽ നിലവിളികൾ ഉയരുകയാണ്. കഴിഞ്ഞദിവസം നാല് പേരാണ് വിവിധ വാഹനാപകടങ്ങളിലായി ജില്ലയിൽ മരിച്ചത്.
റോഡുകൾ നവീകരിക്കപ്പെടുന്നതിനൊപ്പം അപകടങ്ങളും വർദ്ധിക്കുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അവധിദിനമായിരുന്ന തിങ്കളാഴ്ച്ച കോടിമത പച്ചക്കറി മാർക്കറ്റിൽ പിക്കപ്പ് വാനിടിച്ച് വയനാട് സ്വദേശി ഗോപി (72) മരിച്ചു. കറുകച്ചാലിൽ അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിയ്ക്കവെ ക്രെയിൻ ഇടിച്ച് 23 കാരിയായ നോയലിന് ജീവൻ നഷ്ടമായി. ചങ്ങനാശേരി വാഴൂർ റോഡിൽ കാറും ടോറസും കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ സംഘത്തിന്റെ കാർ താഴ്ചയിലേക്ക് പതിച്ച് തിരുവനന്തപുരം സ്വദേശിക്ക് പരിക്കേറ്റിരുന്നു. മുണ്ടക്കയത്ത് അപകടകരമായ രീതിയിൽ കാറോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച സംഭവവും ജില്ലയിലാണ്. കഴിഞ്ഞദിവസം രാത്രി നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് കൊല്ലാട് സ്വദേശി സച്ചിൻ സുരേഷ് (18) മരിച്ചു. ഒപ്പമുണ്ടായിരുന്ന സെബിൻ (18) പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ കോടിമത നാലുവരിപ്പാതയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് പനച്ചിക്കാട് സ്വദേശിയായ ജെൻസി (45) പരിക്കേറ്റു.
എം.സി റോഡ് അപകടമേഖല
അപകടങ്ങളുടെ കണക്കെടുത്താൽ എം.സി രോഡിലാണ് അതിലേറെയും സംഭവിക്കുന്നത്. എം.സി റോഡിൽ തുരുത്തി മുതൽ മറിയപ്പള്ളി വരെയുള്ള ഭാഗമാണ് അപകടമേഖല. ഏതാനും ആഴ്ചകൾക്ക് മുമ്പ് പള്ളത്തുണ്ടായ വാഹനാപകടത്തിൽ യുവഅഭിഭാഷകയുടെ ജീവൻ പൊലിഞ്ഞു. തുരുത്തി, ചിങ്ങവനം ഭാഗങ്ങളിലായി സമീപകാലത്ത് വിവിധ അപകടങ്ങളിലായി പത്തിലേറെപ്പേർക്ക് ജീവൻ നഷ്ടമായി.
അപകടങ്ങൾക്ക് ഇടയാക്കുന്നത്
ശ്രദ്ധക്കുറവ്
ഉറക്കം ലഭിക്കാതെ വാഹനമോടിക്കുന്നത്
വാഹനങ്ങളുടെ മത്സരയോട്ടം
ട്രാഫിക്ക് പോയിന്റുകളിലെ നിയമലംഘനം
വളവുകളിലെ ഓവർടേക്കിംഗ്