
കോട്ടയം: കഷ്ടപ്പാടിന്റെ വിലയാണ്. അത് ലഭിക്കാൻ എത്രകാലത്തെ കാത്തിരിപ്പ്. സപ്ലൈകോ നെല്ല് സംഭരിച്ചു മാസങ്ങൾ പിന്നിട്ടിട്ടും പണത്തിനായി ബാങ്ക് കയറിയിറങ്ങി മടുത്തിരിക്കുകയാണ് കർഷകർ. ഒന്നാം കൃഷിയുടെ നെല്ല് വിറ്റ കുടിശികതുകയ്ക്കായി കാത്തിരിക്കുന്നതിനിടയിൽ വായ്പയെടുത്ത് രണ്ടാം കൃഷിയിറക്കിയവരും ഇപ്പോൾ പ്രതിസന്ധിയിലാണ്.പല പാടങ്ങളിലെയും നെൽച്ചെടികൾ വെള്ളപ്പൊക്കത്തിൽ നശിച്ചു.
വീണ്ടും വിതയ്ക്കാൻ സബ്സിഡി വിത്തു ലഭിക്കില്ല. സ്വകാര്യ ഏജൻസികളിൽ നിന്ന് അധികം പണം നൽകി വാങ്ങണം. പാടം വീണ്ടും കൃഷിയോഗ്യമാക്കാനും ചെലവേറെയാണ്. വായ്പയെടുത്തു നട്ടംതിരിഞ്ഞു കർഷകർ.
കണക്കിൽ കൃത്യതയില്ല
ജില്ലയിൽ കർഷകർക്ക് ഇനി ലഭിക്കാനുള്ളത് 22 കോടി രൂപയാണെന്ന് ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ അനുജ ജോർജ് പറഞ്ഞു. കർഷകരുടെ കണക്ക് ഇതിന്റെ അഞ്ച് ഇരട്ടിയാണ്. എസ്.ബി.ഐ, കാനറാ ബാങ്ക് കൺസോർഷ്യമാണ് സർക്കാർ ഗ്യാരന്റിയിൽ സംഭരിച്ച നെല്ലിനുള്ള പണം നൽകുന്നത്. കഴിഞ്ഞ ഏപ്രിൽ 28 വരെ എസ്.ബി.ഐയും മെയ് 5 വരെ കാനറാബാങ്കും പണം വിതരണം ചെയ്തെന്ന് പാഡി ഓഫീസർ പറയുമ്പോഴും അതിന് മുമ്പ് സംഭരിച്ച നെല്ലിന്റെ കാശ് കിട്ടാനുണ്ടെന്നാണ് കർഷകർ പറയുന്നത്.ശേഷിക്കുന്ന തുക വിതരണം ചെയ്യാനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി ജി.ആർ.അനിൽ നിർദ്ദേശം നൽകിയെങ്കിലും ബാങ്കുകൾ കൈമലർത്തുകയാണ്
കർഷകരിൽ നിന്ന് സംഭരിച്ചത് : 1512.9 കോടി രൂപയുടെ നെല്ല്
വിതരണം ചെയ്തത്: 879.95 കോടി രൂപ
കുടിശിക ഉൾപ്പെടെ കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടത്: 1079 കോടി.
ഫണ്ടില്ലെന്ന മറുപടി കേട്ടു നെൽകർഷകർ മടുത്തു. ഇങ്ങനെയെങ്കിൽ കൃഷി ഉപേക്ഷിക്കുകയേ മാർഗമുള്ളൂ
(മദൻലാൽ നെൽകർഷകൻ )
വിപണിയിൽ വിലയുണ്ട്, പക്ഷേ രോഗബാധ
കോട്ടയം: നാടൻ വാഴക്കുലയ്ക്ക് വിപണിയിൽ നല്ല വിലയുണ്ട്. പക്ഷേ വാഴകളിൽ രോഗബാധ പടരുന്നത് കർഷകരുടെ പ്രതീക്ഷകളെ തകിടംമറിച്ചു. പിണ്ടിപ്പുഴി ശല്യം കേരളത്തിലെ വാഴത്തോട്ടങ്ങളിൽ വ്യാപകമാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള വാഴക്കുലകളുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണം. അപ്രതീക്ഷിതമായി പെയ്ത മഴയാണ് തമിഴ്‌നാട് വിപണിക്ക് തിരിച്ചടിയായത്. നിലവിലെ സാഹചര്യത്തിൽ ഓണത്തിന് ഏത്തക്കായ വില 100രൂപയിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. എന്നാൽ വാഴകളിൽ രോഗബാധ വ്യാപകമായതിനാൽ വലിയ വിളവ് സംസ്ഥാനത്തെ കർഷകർ പ്രതീക്ഷിക്കുന്നില്ല.
ഏത്തക്കായ (ഒരു കിലോ): 80 രൂപ
(കർഷകന്: 60-65 രൂപ)
ഞാലിപ്പൂവൻ: 90 രൂപ
(കർഷകന്: 60 രൂപ)
പാളയംകോടൻ: 50 രൂപ
(കർഷകന്: 35 രൂപ)
റോബസ്റ്റ: 50 രൂപ
(കർഷകന്: 35രൂപ)
വിത്തുകൾക്ക് ഗുണനിലവാരമില്ല
ഗുണമേന്മയില്ലാത്ത വിത്തുകളാണ് പ്രതിസന്ധിക്ക് കാരണം. നല്ല വില ലഭിക്കുന്ന വേളയിൽ കുലയ്ക്കാറായ വാഴകൾ വെട്ടിക്കളയേണ്ട സ്ഥിതിയാണ്. കുല മുരടിച്ച് കാമ്പില്ലാത്ത നിലയിലേക്ക് എത്തുമ്പോഴാണ് രോഗബാധ തിരിച്ചറിയുക. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ആരംഭിച്ച കർഷകരാണ് ഇതോടെ പ്രതിസന്ധിയിലായത്.
ഗുണനിലവാരമുള്ള വാഴവിത്തുകൾ ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് ഇടപെടണം. (കർഷകർ).
.
,