
കോട്ടയം: ദുബായിലെ ജോലിക്കിടെ സഹപ്രവർത്തകരുടെ തമാശയിൽ കസേരയിൽ നിന്ന് വീണ് നട്ടെല്ലിന്റെ ഡിസ്ക് തെറ്റി വർഷങ്ങളോളം എഴുന്നേൽക്കാനാവാതെ കിടന്ന പ്രിയദർശിനി, ഒരു ചികിത്സയും ഫലിക്കാതെ വന്നതോടെയാണ് യോഗയിലേക്ക് തിരിഞ്ഞത്. യോഗയിലൂടെ പ്രിയദർശിനിയുടെ നട്ടെല്ലിന്റെ പ്രശ്നവും ഹൃദയ സംബന്ധമായ രോഗവും മാറി.തുടർന്ന് യോഗയിൽ ഗവേഷണം നടത്തിയ പ്രിയദർശിനി ഇന്ന് യോഗാദ്ധ്യാപിക മാത്രമല്ല, കോട്ടയത്ത് ശ്രീവള്ളി യോഗാ വെൽനസ് സെന്ററിൽ യോഗാ ചികിത്സയും നൽകുന്നുണ്ട്. സർക്കാർ അംഗീകാരത്തോടെയുള്ള സെന്ററിൽ വിദേശികളെ അടക്കം താമസിപ്പിച്ച് ചികിത്സ നൽകുന്നുണ്ട്.
പേര് മാറി ജിവിതവും
' ഡാലിയ മേരി ഫിലിപ്പ് പ്രിയദർശിനിയായത്,വള്ളിയിൽ എന്ന വീട്ടുപേരിന് മുന്നിൽ ശ്രീ ചേർത്തത് ഹിന്ദു മതത്തെ ക്കുറിച്ച് ആധികാരികമായി പഠിച്ചായിരുന്നു. നാല് വർഷം മുമ്പ് വരെ പള്ളിയിൽ പോയിരുന്നു. ലോക്ഡൗണിൽ ഭഗവത്ഗീത വായിച്ചാണ് ഹിന്ദുമത താത്പര്യം വന്നത്. ക്ഷേത്രദർശനം നടത്താത്ത ഒരു ദിവസം പോലുമില്ല.
യോഗ രക്ഷിച്ചു
നട്ടെല്ലിലെ ഡിസ്ക്ക് തെറ്റിയത് ഭേദമാകാതെ വന്നതോടെ ദുബായിൽ നിന്നു സ്വദേശമായ കോട്ടയത്തേക്ക് പോന്നു. വിവിധ ആശുപത്രികളിൽ ചികിത്സിച്ചു.ഭേദമാകാതെ വന്നതോടെ യോഗ പരീക്ഷിക്കുകയായിരുന്നു. മേരു ദണ്ഡാസനം, പവന മുക്താസനത്തിലൂടെ നട്ടെല്ലിലെ രോഗാവസ്ഥ മാറി. പിന്നീട് യോഗയെക്കുറിച്ചു പഠിച്ചു പരീക്ഷയിൽ എഗ്രേഡ് നേടി. ഇന്റർനാഷണൽ ടി.ടിസിയും കേന്ദ്ര സർക്കാർ ന്യൂട്രീഷൻ കോഴ്സും പാസായി. യോഗയിലൂടെ രോഗചികിത്സയിൽ മൂന്നു വർഷം ഗവേഷണവും നടത്തി.
ദിവസവും നാലു മണിക്കൂർ യോഗാ പരിശീലനം തുടർന്നു. കാൻസർ നാലാം സ്റ്റേജ് വരെയെത്തിവരെയും കൊവിഡ് വാക്സിനെടുത്ത് ആരോഗ്യപ്രശ്നമുണ്ടായവരെയും യോഗപരിശീലനത്തിലൂടെ പൂർണാരോഗ്യത്തിലെത്തിച്ച കഥ പ്രിയദർശിനിക്ക് പറയാനുണ്ട്. കോട്ടയം കുട്ടികളുടെ ലൈബ്രറിയിലെ യോഗാദ്ധ്യാപികയാണിപ്പോൾ. യോഗാസനങ്ങൾ ലളിതമായ് വിവരിക്കുന്ന 'യോഗദർശിനി' എന്നപുസ്തകവും രചിച്ചിട്ടുണ്ട്.
സ്കൂളുകളിൽ യോഗ പാഠ്യവിഷയമാക്കണം.പ്രാണായാമം, സൂര്യനമസ്ക്കാരം, മെഡിറ്റേഷൻ എന്നിവ പരിശീലിച്ചാൽ കുട്ടികൾക്ക് നന്മതിന്മ തിരിച്ചറിയാനാവും.ഓർമശക്തി കൂടും.
പ്രിയദർശനി