1

ചങ്ങനാശേരി : രാവിലെ മുതൽ നീണ്ടനിര ദൃശ്യമാണ്. ചിലപ്പോൾ അത് പാർക്കിംഗ് ഏരിയ വരെ നീളും. അതിൽ ഗർഭിണികളുണ്ട്,​ കൊച്ചുകുട്ടികളുണ്ട്, പ്രായമായവരുണ്ട്. ഇടയ്ക്ക് തളരുമ്പോൾ അരികിലെ ബെഞ്ചുകളിലും, കൽക്കെട്ടിലും ഇരിക്കും. രോഗം മാറണമെങ്കിൽ എല്ലാം സഹിച്ച് നിന്നല്ലേ പറ്റൂ...പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രമായ ചങ്ങനാശേരി ജനറൽ ആശുപത്രി രോഗികൾക്ക് ദുരിത കേന്ദ്രമാകുകയാണ്.

ക്ഷീണിച്ച് അവശരായവർക്ക് ഡോക്ടറെ ഒന്ന് കാണാൻ മണിക്കൂറുകളോളം ക്യൂ നിൽക്കാനാണ് വിധി. ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തണോയെന്ന ചോദ്യം ഉയർന്നാൽ അധികൃതർ കൈമലർത്തും. ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിൽ ദിനംപ്രതി നിരവധിപ്പേരാണ് ഒ.പിയിൽ എത്തുന്നത്. പുതിയതായി ആരംഭിച്ച ഒ.പി രജിസ്‌ട്രേഷൻ വിഭാഗത്തിലെ കമ്പ്യൂട്ടർ തകരാറിലായതോടെ പ്രശ്നങ്ങളും തുടങ്ങി. ഒരാൾക്ക് ചീട്ട് എടുക്കണേൽ 10 മിനിറ്റോളം എടുക്കും. മഴയാണേലും,​ വെയിലാണേലും പുറത്ത് എപ്പോഴും രോഗികളുടെ തിരക്കാണ്. അതിരാവിലെ എത്തുന്നവർക്ക് പോലും ഉച്ചയ്ക്കാണ് ഡോക്ടറെ കാണാനാകുക.

ആധുനിക സംവിധാനം, പരിശീലനം ആര് കൊടുക്കും

അത്യാധുനിക രീതിയിലുള്ള രജിസ്‌ട്രേഷൻ സംവിധാനം ഒരുക്കിയെങ്കിലും മതിയായ പരിശീലനം ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. തുടർച്ചയായി കമ്പ്യൂട്ടറുകൾ കേടാകുന്നത് പതിവാണ്. പ്രിന്റിംഗ് മെഷീനിൽ പേപ്പർ കുടുങ്ങിയാൽ മണിക്കൂറുകൾ സേവനം തടസപ്പെടും. ഇന്നലെ ഉച്ചയ്ക്ക് 12.30 വരെ ഒ.പിയിൽ എത്തിയത് 750 പേരാണ്. ഫാർമസിയ്ക്ക് മുന്നിലെ കാത്തിരിപ്പും ഇത്തിരി കടുപ്പമാണ്. പലപ്പോഴും രോഗികൾ ജീവനക്കാരുമായി വാക്കേറ്റവും പതിവാണ്. രോഗികളുടെ എണ്ണം കൂടിയതാണ് മരുന്നു വിതരണത്തിനും താമസമെന്നാണ് തൊടുന്യായം.

ചികിത്സ കിട്ടാതെ മടങ്ങി

ഇന്നലെ മെഡിസിൻ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ ജനറൽ വിഭാഗത്തിലെ ഡോക്ടർമാരാണ് ഇവിടെയും പരിശോധന നടത്തിയത്. ക്യൂ നിന്ന് മടുത്ത നിരവധിപ്പേർ മടങ്ങിപ്പോയി. ഭൂരിഭാഗം പേരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയായിരുന്നു. മറ്റ് സർക്കാർ ആശുപത്രികളിൽ ഇ - ഹെൽത്ത് സംവിധാനമടക്കമുള്ളപ്പോഴാണ് ചങ്ങനാശേരിയിൽ രോഗികൾക്ക് ദുരിതം.

രാവിലെ 8 ന് വന്നതാണ്. ആദ്യം പുതിയ കെട്ടിടത്തിലെത്തിയപ്പോൾ പഴയ സ്ഥലത്ത് ചെല്ലാൻ പറഞ്ഞു. മണിക്കൂറുകളായി ക്യൂ നിൽക്കുന്നു. മഴയും വെയിലും കൊണ്ടാണ് ഈ നിൽപ്പ്. ഇത് തികഞ്ഞ അനാസ്ഥയാണ്.

ഹരിദാസ് കുമാർ (സന്ദർശകൻ)

ഇന്നലെ ഒ.പിയിലെത്തിയ രോഗികൾ : 750