kdmtha

കോട്ടയം: നാലുവരിപ്പാതയുടെ ശോച്യാവസ്ഥ എന്ന് മാറുമെന്നാണ് നഗരവാസികൾ ചോദിക്കുന്നത്. പാതയിലെ മീഡിയനിൽ വാഹനയാത്രികരുടെ കാഴ്ച മറച്ച് കാടും മിഴിയടച്ച് വഴിവിളക്കുകളും. ഒരു വർഷം മുൻപ് പരിസ്ഥിദിനത്തോട് അനുബന്ധിച്ചാണ് ജില്ല റോട്ടറി ക്ലബ് മീഡിയൻ പരിപാലനം ഏറ്റെടുത്തത്. റോട്ടറി ക്ലബിന്റെ ഫലകവും മീഡിയനിൽ സ്ഥാപിച്ചിട്ടുണ്ട്. ക്ലബിന്റെ നേതൃത്വത്തിൽ സൗന്ദര്യവത്ക്കരണം പേരിൽ മാത്രമായി ഒതുങ്ങി. റോഡിന്റെ മധ്യഭാഗത്തെ മീഡിയനിൽ കാട് വളർന്ന് മൂടിയതിനാൽ, വാഹനങ്ങളും ഡിവൈഡറുകളും യാത്രക്കാർക്ക് കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇഴജന്തുക്കളുടെ ശല്യവും തെരുവ് നായ ശല്യവും റോഡിൽ പതിവാണ്. നടപ്പാതയിൽ ഉൾപ്പെടെ കാട് പടർന്നു കയറിയ നിലയിലാണ്. ഇത് കാൽനടയാത്രികരെയും ദുരിതത്തിലാഴ്ത്തുന്നു.

ഇരുട്ടിൽതപ്പി റോഡ്
രാത്രി കാലങ്ങളിൽ റോഡിന്റെ മദ്ധ്യഭാഗത്തെ ഡിവൈഡറിൽ വാഹനങ്ങൾ ഇടിച്ച് ചെറുതും വലുതുമായ അപകടങ്ങളും പതിവാണ്. റോഡിലെ വഴിവിളക്കുകൾ മിഴിയടച്ചിട്ട് വർഷങ്ങളായി. സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നോക്കുക്കുത്തികളാണ്. നിരവധി സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബാറ്ററികളും സോളാർ പാനലുകളും മോഷണം പോയതിനെ തുടർന്ന് പോസ്റ്റുകൾ മാത്രം അവശേഷിച്ചു. സന്ധ്യ മയങ്ങിയാൽ റോഡ് പൂർണ്ണമായും ഇരുട്ടിലാകും. കോടിമത മുതൽ മണിപ്പുഴ വരെയുള്ള ഭാഗമാണ് പൂർണ്ണമായും ഇരുട്ടിലുള്ളത്. റോഡിൽ സി.സി.ടി.വി, എ.ഐ കാമറകൾ അടക്കം പ്രവർത്തിക്കുന്നുണ്ട്. അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും നാളിതുവരെ നടപടി സ്വീകരിക്കാത്ത സ്ഥിതിയാണ്. രാത്രികാല വഴിയോര തട്ടുകടകൾ പ്രവർത്തിക്കുന്ന റോഡിൽ നിരവധി യാത്രികർ സമയം ചെലവഴിക്കാറുണ്ട്.

നാലുവരിപ്പാതയിലെ സോളാർലൈറ്റുകൾ പുനസ്ഥാപിച്ച് റോഡിൽ വഴിവിളക്കുകൾ പ്രകാശിപ്പിക്കണമെന്നും കാട് തെളിക്കണം (നഗരവാസികൾ).

കോടിമത നാലുവരിപ്പാതയിലെ മീഡിയനിൽ കാട് പടർന്ന് നിൽക്കുന്ന നിലയിൽ.