
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന് പുതുജീവൻ. ഇന്നലെ രാവിലെ ഈരാറ്റുപേട്ടയിലാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് ഈരാറ്റുപേട്ട സ്വദേശിയായ വീട്ടമ്മ സ്റ്റേഷനിൽ വിളിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്പോൾ ഗൃഹനാഥൻ വീട് പൂട്ടിയ ശേഷം വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിതുറന്ന് വീടിനുള്ളിൽ കയറിയ പൊലീസ് മുണ്ടിന്റെ കെട്ട് മുറിച്ചു ഗൃഹനാഥനെ താഴെയിറക്കി. പ്രഥമ ശുശ്രൂഷ ഉറപ്പുവരുത്തി. പാലിയേറ്റിവ് അംഗങ്ങൾക്ക് ഗൃഹനാഥനെ കൈമാറിയശേഷമാണ് പൊലീസ് സംഘം മടങ്ങിയത്. സ്റ്റേഷൻ എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒ സന്ദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.