1

ചങ്ങനാശേരി: ജനറൽ ആശുപത്രിയിൽ ഒാക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം പകലുമാത്രം. രാത്രിയിൽ പ്ലാന്റ് പ്രവർത്തിപ്പിക്കാനാളില്ല. രാവിലെ പത്തുമുതൽ അഞ്ചുവരെയാണ് പ്ലാന്റിന്റെ ഇപ്പോഴത്തെ പ്രവർത്തന സമയം.

അഡ്മിറ്റായ രോഗികൾക്കോ ചികിത്സ തേടിയെത്തുന്നവർക്കോ രാത്രിയിൽ ശ്വാസം ലഭിക്കാതെ വന്നാൽ പെട്ടതു തന്നെ. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ശ്വാസംമുട്ടലുള്ള നിരവധി രോഗികൾ ആശുപത്രിയിലെത്തുന്നു. ഇവരിൽ ചിലർക്ക് ഒാക്സിജന്റെ സഹായം വേണ്ടിവരാറുണ്ട്. രാത്രിയിലാണ് ഇത്തരം രോഗികൾ എത്തുന്നതെങ്കിൽ എന്തു ചെയ്യുമെന്നറിയാതെ ഡോക്ടർമാരും പ്രയാസത്തിലാകും.

നിലവിലെ സാഹചര്യത്തിൽ രാത്രിയിൽ ശ്വാസംമുട്ടലുമായി എത്തുന്ന രോഗികൾക്ക് ഒാക്സിജൻ വില കൊടുത്ത് വാങ്ങുകയേ നിവൃത്തിയുള്ളൂ. നിർദ്ധനരോഗികളാണെങ്കിൽ കയ്യിൽ പണമില്ലാതെ ദുരിതത്തിലാകും. കോടികൾ മുടക്കി പ്ലാന്റ് സ്ഥാപിച്ചിട്ടും രോഗികൾക്ക് പൂർണമായി പ്രയോജനപ്പെടുന്നില്ലെങ്കിൽ ഇത്തരം പദ്ധതികൾക്കൊണ്ട് എന്തു പ്രയോജനം.

ഒന്നരക്കോടി രൂപ മുടക്കിയാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. രാത്രിയുടെ പകലും പ്രവർത്തിപ്പിക്കാൻ രണ്ട് പ്ലാന്റ് ഒാപ്പറേറ്റർമാ‌ർ വേണം. നിലവിലുള്ളത് ഒരാളാണ്. ഇദ്ദേഹത്തിന്റെ ഡ്യൂട്ടി സമയം പകൽ പത്തുമുതൽ അഞ്ചുവരെയാണ്. ഡ്യൂട്ടി കഴിയുന്നതോടെ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പകരം ആളില്ല. ഇയാൾ അവധിയെടുക്കുന്ന ദിവസവും രാത്രിയിലും പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ആളില്ലായെന്ന ദുരവസ്ഥ മാറേണ്ടിയിരിക്കുന്നു.

സ്ത്രീകളുടെ വാർഡിൽ രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ അഭാവമുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്.