
വൈക്കം: തലയോലപ്പറമ്പ് വൈക്കം പ്രധാന റോഡിൽ റോഡരികിൽ നിന്ന കൂറ്റൻ പാഴ്മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞ് വീണു. ശബ്ദം കേട്ട് ഇതിന് സമീപത്തു കിടന്ന ഓട്ടോറിക്ഷ മാറ്റിയതും കാൽനടയാത്രക്കാർ ഒാടി മാറിയതും ദുരന്തം ഒഴിവാക്കി. ഇന്നലെ ഉച്ചയ്‌ക്ക് 2 ന് വല്ലകംപള്ളിക്ക് സമീപമാണ് സംഭവം. റോഡിന് കുറുകെ കിടന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണതിനെ തുടർന്ന്
പ്രധാന റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഉദയനാപുരം കുടുംബാരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡിലെ രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിയുകയും പ്രധാന റോഡിലേക്ക് വൈദ്യുത കമ്പികൾ പൊട്ടി വീഴുകയും ചെയ്തു. വൈദ്യുതി വകുപ്പ് ജീവനക്കാർ ഉടൻ പ്രദേശത്തെ ലൈൻ ഓഫ് ചെയ്തു. വൈക്കത്ത് നിന്നും ഫയർഫോഴ്‌സും പൊലീസും എത്തി ഒടിഞ്ഞ് വീണ ശിഖരവും ഭീഷണി ഉയർത്തുന്ന മരത്തിന്റെ ബാക്കി ഭാഗവും വെട്ടിമാറ്റി. ഒടിഞ്ഞ പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച ശേഷം വൈകിട്ടോടെയാണ് പ്രദേശത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്. തലയോലപ്പറമ്പ് വൈക്കം പ്രധാന റോഡിൽ പൊട്ടൻചിറ, വടയാർ ജംഗ്ഷൻ, വൈക്ക പ്രയാർ, തുറുവേലിക്കുന്ന്, വല്ലകം, ചാലപ്പറമ്പ് എന്നിവിടങ്ങളിൽ നിരവധി മരങ്ങളാണ് റോഡിന് കുറുകെ ചാഞ്ഞ് കിടന്ന് അപകട ഭീഷണി ഉയർത്തുന്നത്. ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന ഇത്തരം മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റണമെന്ന് നിർദ്ദേശം ഉണ്ടെങ്കിലും ഇത് നടപ്പിലാക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.