
വൈക്കം: ഇത് പുൽമേടാണെന്ന് കരുതി ആരും ഇവിടേയ്ക്ക് ഇറങ്ങിയേക്കല്ലേ, ചേറിൽ താണുപോകും. ഇതാണ് പഴയ വടയാർ ചെട്ടിമംഗലം തോട്. മൂവാറ്റുപുഴയാറിന്റെ കൈവഴി കൂടിയാണിത്.
വടയാർ പടിഞ്ഞാറെക്കരയിൽ നിന്ന് ആരംഭിച്ച് ഉദയനാപുരം പഞ്ചായത്തിലെ 7, 9,10 വാർഡുകളിലൂടെയും വൈക്കം മുനിസിപ്പാലിറ്റിയിലൂടെയും കടന്നുപോകുന്ന തോട് ചെളിയും പുല്ലും പായലും നിറഞ്ഞ് നീരൊഴുക്കില്ലാതെ കിടക്കുകയാണ്. നിരവധിയാളുകൾ കുളിയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും തോട് ഉപയോഗിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ ചപ്പുചവറുകൾ നിറഞ്ഞ് മാലിന്യകൂമ്പാരമായി മാറി ഇവിടം. കൊതുകുകളുടെ വിളനിലമാണ് ഇവിടെ ഇന്ന്. ഓരോ വർഷവും പഞ്ചായത്തിൽ നിന്ന് അവിടവിടെയായി തെളിയ്ക്കുന്നുണ്ടെങ്കിലും പുഴയിൽ നിന്ന് വരുന്ന വെള്ളം കരിയാറിൽ ഒഴുകി എത്തുന്നതിന് കഴിയാത്തതിനാൽ തെളിക്കുന്ന ഭാഗം പെട്ടെന്ന് തന്നെ വീണ്ടും പുല്ലും പായലും മാലിന്യവും നിറയുന്ന അവസ്ഥയാണുള്ളത്.
മത്സ്യകൃഷിയും വെല്ലുവിളി നേരിടുന്നു.
ചെട്ടിച്ചാലിൽ തോടിന്റെ കുറച്ചു ഭാഗം ഒരിക്കൽ തെളിച്ചത് 18 ലക്ഷം രൂപ വിനിയോഗിച്ചാണ്. പുല്ലും പായലും നീക്കി വെള്ളം കണ്ടിടത്ത് നാട്ടുകാർ മത്സ്യകൃഷി തുടങ്ങി. പടിഞ്ഞാറേക്കര നവോദയ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ കൂട് മത്സ്യകൃഷിയാണ് നടത്തുന്നത്. തോട് തെളിച്ച ഭാഗമെങ്കിലും അങ്ങനെ നിലനിർത്താമെന്നതായിരുന്നു പ്രതീക്ഷ. പക്ഷേ പുല്ലും പായലും അതിവേഗമാണ് പടരുന്നത്. കർഷകർ തുടർച്ചയായി ഇവ നീക്കം ചെയ്തുകൊണ്ടിരിക്കുന്നു. നീരൊഴുക്കില്ലാത്തതിനാൽ മത്സ്യം വളർത്തുന്ന ഭാഗത്ത് ശുദ്ധജലമെത്തുന്നില്ല. കെട്ടിക്കിടക്കക്കുന്ന മലിനജലത്തിൽ മത്സ്യക്കൃഷി എത്രമാത്രം വിജയകരമാകുമെന്ന ആശങ്കയിലാണ് കർഷകർ.
'തോട് പൂർണ്ണമായും തെളിച്ച് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായി മാറ്റുന്നതിന് ആവശ്യമായ നടപടികൾ അധികാരികൾ സ്വീകരിയ്ക്കണം. നിലവിൽ പേരിനെന്നോണം നടത്തുന്ന തോട് ശുചീകരണം ദുർവ്യയമാണ്. ഫലപ്രദമായ രീതിയിൽ മികച്ച ആസൂത്രണത്തോടെയുള്ള പ്രവർത്തങ്ങളിലൂടെ തോട് തിരിച്ചുപിടിക്കണം.
കെ.ജി.രാമചന്ദ്രൻ
സി.പി.ഐ. പടിഞ്ഞാറെക്കര ബ്രഞ്ച് സെക്രട്ടറി