ബൈക്ക് റേസിംഗിനെതിരെ വ്യാപക പരാതി
പാലാ: ആ പോക്ക് കണ്ടാൽ ഉള്ലംകാൽ വിറച്ചുപോകും. ബൈക്ക് റേസിംഗുമായി ഫ്രീക്കൻമാർ പാലാ നഗരത്തെ മുൾമുനയിൽ നിറുത്തുമ്പോൾ പലർക്കും റോഡിലിറങ്ങാൻ ഭയമാണ്. നടുറോഡിൽ ജീവൻപൊലിയുമെന്ന അവസ്ഥ. ഈ മരണപാച്ചിലിൽ നിന്ന് കാൽനടക്കാർ ഉൾപ്പെടെ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ഇത്രയൊക്കെയായിട്ടും പൊലീസും ഫ്രീക്കൻമാരെ തൊടാൻ ധൈര്യപ്പെടുന്നില്ലെന്നാണ് ആക്ഷേപം. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ എത്തുന്ന രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഫ്രീക്കൻമാരുടെ മരണപ്പാച്ചിൽ.
കൊട്ടാരമറ്റത്ത് ഇന്നലെ സംഭവിച്ചത്
രാവിലെ 10.30. നമ്പർപ്ലേറ്റുകൾ പോലും മറച്ചുവച്ച ബൈക്കുകളിൽ കൊട്ടാരമറ്റം ബസ് സ്റ്റാന്റിന് മുന്നിലൂടെ ഫ്രീക്കൻമാർ തലങ്ങും വിലങ്ങും പാഞ്ഞു. പാഞ്ഞുവന്ന ബൈക്ക് കണ്ട് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന കന്യാസ്ത്രീ ഉൾപ്പെടെയുള്ളവർ ഓടിമാറി. ഇതിനിടെ ബൈക്കുകളിൽ ഒന്ന് മറിഞ്ഞു. നിലത്തുവീണ യുവാവിനെ പൊക്കി ഉയർത്തുന്നതിനിടെ നാടകനടനായ ഉദയൻ കാരാപ്പുഴയ്ക്ക് പരിക്കേറ്റു.
സ്ഥലത്തെത്തിയ പാലാ പൊലീസിനോടും മോട്ടോർവാഹന വകുപ്പ് അധികൃതരോടും നാട്ടുകാർ പൊട്ടിത്തെറിച്ചു. ഫ്രീക്കൻമാർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നായിരുന്നു ചോദ്യം. അതേസമയം ബൈക്കുകൾ കസ്റ്റഡിയിലെടുത്തതായി പാലാ പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഇനി കർശന നടപടി
ബൈക്കിൽ റേസിംഗ് നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പാലാ ട്രാഫിക് എസ്.ഐയായി ഇന്നലെ ചുമതലയേറ്റ സുരേഷ് കുമാർ പറഞ്ഞു. ഇത്തരക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.