തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മിഠായിക്കുന്നത്ത് പട്ടാപ്പകൽ വീട്ടിൽ മോഷണം. വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ട് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളും പണവും അപഹരിച്ചു. സർക്കാർ സ്‌കൂൾ ജീവനക്കാരനായ തട്ടിൻപുറത്ത് ടി.കെ മധുവിന്റെ വീടിന്റെ പുറകു വശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കയറിയത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ മാല, അരഞ്ഞാണം, പാദസ്വരം, കമ്മൽ, ചെയിൻ അടക്കമുള്ള സ്വർണ്ണാഭരണങ്ങളും ബാങ്കിൽ വച്ചിരുന്ന പണയ ഉരുപ്പടികൾ എടുക്കുന്നതിനായി കരുതിയിരുന്ന 13,000 രൂപയും അപഹരിച്ചു. വിദ്യാർത്ഥികളായ മക്കൾ വൈകിട്ട് വീട്ടിൽ എത്തി മുൻവാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മിഠായിക്കുന്നം തട്ടിൻപുറത്ത് ഭാഗത്ത് ഇന്നലെ രാവിലെ 10 നും 2 നും ഇടയിലാണ് മോഷണം.

തട്ടിൻപുറത്ത് കളത്തിക്കുന്നേൽ അൻസാറിന്റെ വീട്ടിൽ മോഷണശ്രമവും നടന്നു. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പരശോധന നടത്തി.