
വാഴപ്പിണ്ടിക്കും ചേമ്പിൻ താളിനും ആവശ്യക്കാരേറെ
കോട്ടയം: വാഴപ്പിണ്ടി, ചേമ്പിൻ താൾ, ചേനതണ്ട്, തഴുതാമ, മുരിങ്ങയില... തൊടിയിലും പറമ്പിലും ഒരു കാലത്ത് സുലഭമായി ഇവയ്ക്ക് ഇന്ന് വിപണിയിൽ പൊന്നുവിലയാണ്. പുത്തൻ തലമുറയ്ക്ക് കേട്ടറിവ് മാത്രമുള്ള ഇവയ്ക്ക് സമീപകാലത്ത് ആവശ്യക്കാരേറിയെന്ന് വ്യാപാരികൾ പറയുന്നു. പച്ചക്കറി വിലയിലുണ്ടായ വർദ്ധനവും ആളുകൾ ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നതും ഈ മാറ്റത്തിന് കാരണമായതായി പറയുന്നു.
പാമ്പാടിയിലെ കാർഷിക വിപണന കേന്ദ്രത്തിൽ ഉൾപ്പെടെ വാഴപ്പിണ്ടിക്കും ചേമ്പിൻ താളിനുമൊക്കെയായി നിരവധിയാളുകൾ എത്തുന്നുണ്ട്.
അതേസമയം വില കുതിച്ചതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികൾക്ക് ആവശ്യക്കാർ കുറയുകയും ചെയ്തു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് സംസ്ഥാനത്തേയ്ക്ക് ഏറ്റവുമധികം പച്ചക്കറികൾ എത്തുന്നത്.
കാലാവസ്ഥ വില്ലനായി
ജില്ലയിൽ വെള്ളരി, പടവലം, പാവൽ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ടെങ്കിലും വിളവ് നന്നേ കുറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ ഇവ പഴുത്തുപോയതും ഉത്പാദനത്തെ ബാധിച്ചു.
വില ഇങ്ങനെ,
ചേമ്പിൻ താൾ: 25 രൂപ
ചേനതണ്ട് : 25 രൂപ
തഴുതാമ: 25 രൂപ
മുരിങ്ങയില: 25 രൂപ