മുണ്ടക്കയം: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 20 ശതമാനം വർദ്ധിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിവേദനം നൽകി. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ നിരവധി വിദ്യാർത്ഥികൾക്കാണ് മതിയായ സീറ്റുകൾ ഇല്ലാത്തതിനാൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ വന്നിരിക്കുന്നത്. താരതമ്യേന ഹയർസെക്കൻഡറി സ്‌കൂളുകൾ കുറവുള്ള പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കാത്ത പക്ഷം നിരവധി കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത സാഹചര്യവും ഉണ്ടാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.