
കൊടുങ്ങൂർ: ദേശീയ പാതയിലും രക്ഷയില്ല. വാ പിളർന്ന് കുഴികൾ. ഒന്നും രണ്ടുമല്ല കുറേയധികം. ഇരുചക്ര വാഹനയാത്രികർ അടക്കം സഞ്ചരിക്കുന്നത് ജീവനിൽ ഭയന്ന്.
വാഴൂർ മുതൽ കാഞ്ഞിരപ്പള്ളി വരെയാണ് അപകടക്കുഴികളിൽ ഏറെയും. ചെറിയ കുഴികൾ സമയത്ത് മൂടാത്തതു മൂലം ഇപ്പോൾ വലിയ കുഴിയായി രൂപപ്പെട്ടിരിക്കുന്നു. ശക്തമായ മഴയത്ത് കുഴിയുടെ ആഴവും വ്യാപ്തിയും വികസിച്ചതോടെ ദുരിതം ഇരട്ടിയായി. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
ഇളമ്പള്ളിക്കവലയിൽ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കം ദിനംപ്രതി ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ല. കൊടും വളവും വലിയ കയറ്റവും കൂട്ടായി കുഴികളും കൂടിയാകുമ്പോൾ ഏതു നിമിഷവും അപകടം സംഭവിക്കാമെന്ന ഘട്ടത്തിലാണ്.
കൊടുങ്ങൂർ ആശുപത്രിക്ക് സമീപവും പതിനേഴാം മൈലിലും ചെങ്കൽപള്ളിക്ക് സമീപവും കുഴികളുണ്ട്. പൊൻകുന്നം കെ.വി.എം.എസ്.ജംഗ്ഷനിൽ കുഴി മൂടുന്നതും വാട്ടർ അതോറിട്ടിക്ക് വേണ്ടി കുഴി തോണ്ടുന്നതും പതിവ് സംഭവമാണ്. ചേപ്പുംപാറയിലും വലിയ കുഴിയുണ്ട്. കാലവർഷത്തിനു മുന്നോടിയായി എല്ലാവർഷവും നടത്തുന്ന മഴക്കാല മുന്നൊരുക്കങ്ങൾ ഈ വർഷം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.