kothavara-bridge

വൈക്കം: ആനയെ വാങ്ങി തോട്ടി വാങ്ങിയില്ലെന്ന് പറഞ്ഞതുപോലെയാണ് ഇവിടുത്തെ കാര്യങ്ങൾ. ഉല്ലലയിൽ നിന്ന് കരിയാർ സ്പിൽവേ വഴി മൂത്തേടത്തുകാവിലേക്കും അവിടെ നിന്ന് വൈക്കത്തേക്കും ബി.എം.ബി.സി നിലവാരത്തിലുള്ള അടിപൊളി റോഡ് പണിതു. പക്ഷേ റോഡിന് തന്നെ അപമാനമാണ് ഉല്ലലയ്ക്കും കൊതവറയ്ക്കുമിടയിൽ ഉള്ള വീതിയില്ലാത്ത പാലം. ഇപ്പോൾ പാലം അപകട ഭീഷണിയിലാണ്. കാലപ്പഴക്കത്താൽ പാലത്തിന്റെ നാല് തൂണുകളുടെയും കോൺക്രീറ്റ് അടർന്ന് കമ്പികൾ ദ്റവിച്ച നിലയിലാണ്. കരിയാർ സ്പിൽവേ വന്നതോടെ റോഡിൽ വാഹനത്തിരക്കും വർദ്ധിച്ചിട്ടുണ്ട്. സ്‌കൂൾ വാഹനങ്ങളും ഭാരം കയ​റ്റി വരുന്ന വാഹനങ്ങളും ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് വാഹനം കടന്നു പോകുന്ന പാലം അപകടാവസ്ഥയിൽ ആയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പാലത്തിന്റെ ഇരു വശങ്ങളിലെ റോഡു നിരപ്പിൽ നിന്നും പാലം ഉയർന്നു നിൽക്കുന്നതിനാൽ എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ പാലത്തിൽ എത്തുമ്പോൾ മാത്രമാണ് കാണാൻ സാധിക്കുക. ഇത് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. പാലത്തിന്റെ ഇരു വശങ്ങളിലും കൈവരികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പലപ്പോഴായി വാഹനം ഇടിച്ചു തകർന്ന നിലയിലാണ്. അപകടാവസ്ഥയിലായ പാലം പൊളിച്ചു നീക്കി വീതി കൂട്ടി പുതിയ പാലം നിർമ്മിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വകുപ്പ് മന്ത്റി അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടും നടപടി ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.

രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുമായി നിരവധി വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നു. അധികൃതർ വിഷയം കുറേക്കൂടി ഗൗരവമായി കാണണം. റോഡിലെ ഗതാഗതത്തിരക്കുമായി താരതമ്യം ചെയ്യുമ്പോൾ പാലം തീരെ അപര്യാപ്തമാണ്. മാത്രവുമല്ല നിലവിൽ അപകടാവസ്ഥയിലുമാണ്. ഒരു ദുരന്തത്തിനായി കാത്തിരിക്കാതെ അടിയന്തിരമായി പാലം പുനർനിർമ്മിക്കാൻ നടപടിയുണ്ടാകണം.

കെ.ബിനിമോൻ
( വാർഡ് മെമ്പർ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്)