family

പാലാ: ചക്കപ്പുഴുക്കും വാഴയിലയിൽ പൊള്ളിച്ചെടുത്ത വരാലും! പാലാക്കാരൻ അജിത് പനയ്ക്കലും ഭാര്യ രമ്യയും തയാറാക്കിയ വിഭവങ്ങൾ നടൻ മോഹൻലാലിന്റെ മനസ് കീഴടക്കിയെന്ന് പറയാം. ഇരുവരും വിഭവങ്ങൾ തയാറാക്കി തൊടുപുഴയിലെ സിനിമാ ലോക്കേഷനിലുള്ള മോഹൻലാലിന് എത്തിച്ചുകൊടുക്കുകയായിരുന്നു. ദമ്പതികളെ പിറ്റേന്ന് തൊടുപുഴയിലേക്ക് വിളിപ്പിച്ച മോഹൻലാൽ ഇരുവരെയും നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു.

''ലാലേട്ടന്റെ പേഴ്‌സണൽ സ്റ്റാഫിൽപ്പെട്ട ഒരാൾ എന്റെ സുഹൃത്താണ്.കഴിഞ്ഞമാസവും സുഹൃത്തുവഴി ചക്കപ്പുഴുക്കും പുഴമീൻകറിയും ലാലേട്ടന് എത്തിച്ചുകൊടുത്തിരുന്നു. അത് ലാലേട്ടന് ഏറെ ഇഷ്ടമായെന്ന് സുഹൃത്ത് പിന്നീട് പറഞ്ഞു. അങ്ങനെയാണ് വെള്ളിയാഴ്ച വൈകിട്ട് വീണ്ടും ചക്കപ്പുഴുക്കും വാഴയിലയിൽ പൊള്ളിച്ചെടുത്ത വരാലുമായി ലാലേട്ടനെ കാണാൻ എത്തിയത്. അദ്ദേഹം ഷൂട്ടിംഗ് തിരക്കായതിനാൽ ഭക്ഷണം അവിടെ ഏൽപ്പിച്ച് തിരികെപോന്നു. അജിത് ''കേരള കൗമുദിയോട് പറഞ്ഞു.

എന്നാൽ അജിത്തിനോട് കുടുംബാംഗങ്ങളെ കൂട്ടി ഇന്നലെ രാവിലെ തൊടുപുഴയിൽ എത്താൻ മോഹൻലാൽ നിർദ്ദേശിക്കുകയായിരുന്നു. മൂവരെയും ഏറെ സന്തോഷത്തോടെ സ്വീകരിച്ച മോഹൻലാൽ അജിത്തിന്റെ മകൻ രണ്ട് വയസുകാരൻ ആദിദേവിനൊപ്പവും സമയം ചെലവഴിച്ചു. പിന്നെ ചിത്രങ്ങലെടുത്തു. ചക്കപ്പുഴുക്ക് കഴിക്കാൻ പാലായിലെ വീട്ടിലേക്ക് വരുമെന്നും മോഹൻലാൽ അജിത്തിന് ഉറപ്പുനൽകി.