aruvithura

ഈരാറ്റുപേട്ട: പഴയ കലാലയത്തിന്റെ വരാന്തയിലൂടെ ശബ്ദ മുഖരിതമായിരുന്ന ക്ലാസ് മുറികൾക്കരികിലൂടെ അവർ നടന്ന് നീങ്ങി... തങ്ങളുടെ 'സ്വന്ത'മായിരുന്ന ക്ലാസ് മുറികൾ മറ്റാരോ കയ്യടക്കിയിരിക്കുന്നു... പണ്ടത്തെ സംഗമ വേദികൾ വീണ്ടും വീണ്ടും ആർത്തിയോടെ അവർ നോക്കി നിന്നു...

അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 1981- 83 പ്രീഡിഗ്രി എച്ച് ബാച്ചുകാർ പ്രിൻസിപ്പൽ ഡോ.സിബി ജോസഫിന്റെ സാന്നിദ്ധ്യത്തിൽ വീണ്ടും കോളേജിൽ ഒത്തുകൂടി. 40 വർഷത്തിന് ശേഷം നടന്ന ആദ്യ സംഗമത്തിന്റെ ഓർമ്മയ്ക്കായി നട്ട ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ വട്ടം കൂടി നിന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിയാണ് ഒത്തുകൂടൽ പരിപാടികൾ തുടങ്ങിയത്. കോളജിൽ നടന്ന ഉദ്ഘാടനത്തിന് ശേഷം സംഗമത്തിന്റെ ഭാഗമായി അംഗങ്ങൾ പാതാമ്പുഴക്കടുത്തുള്ള സ്വകാര്യ റിസോർട്ടിൽ ഒത്തുകൂടി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സിനിമാ ഗാനങ്ങളും കവിതകളും ഉച്ചത്തിൽ പാടി. ചമയങ്ങളില്ലാതെ ഡാൻസ് കളിച്ചും നൃത്തച്ചുവടുകൾ വെച്ചും വിശേഷങ്ങൾ പങ്ക് വെച്ചും രുചികരമായ ഭക്ഷണങ്ങൾ ആസ്വദിച്ചും ഒത്തുകൂടൽ വൈകുന്നേരം വരെ നീണ്ടു. ഇനിയേത് ജൻമം കാണും നമ്മൾ എന്ന പാട്ട് എല്ലാവരും ചേർന്നു ഉറക്കെപ്പാടിയാണ് സംഗമത്തിന് തിരശീല വീണത്.
പ്രിൻസിപ്പൽ ഡോ.സിബി ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. സഹപാഠി ഗ്രൂപ്പ് ചെയർമാൻ വി.എം. അബ്ദുള്ള ഖാൻ, സെക്രട്ടറി ജോയ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.