1

ചങ്ങനാശേരി : മോഡേൺ ഹൈജീനിക് ഫിഷ് മാർക്കറ്റ് അസൗകര്യങ്ങൾക്കു നടുവിൽ. നിർമ്മാണം പൂർത്തിയാക്കി പത്ത് വർഷം പിന്നിടുമ്പോഴും ആദ്യഘട്ടത്തിലുയർന്ന പരാതികൾക്ക് മാറ്റമില്ല. നാഷണൽ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ബോർഡിന്റെയും സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെയും നഗരസഭയുടെയും സംരംഭമാണ് മോഡേൺ ഹൈജീനിക് ഫിഷ് മാർക്കറ്റ്. 357.76 ലക്ഷം രൂപ ചിലവിട്ടാണ് മാർക്കറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കടൽ, കായൽ, ഉണക്ക മത്സ്യങ്ങൾ വിൽക്കുന്നതിന് പ്രത്യേകം സ്റ്റാളുകൾ നിർമ്മിച്ചിരുന്നു. ഇവയ്ക്കുള്ളിലെ ടൈലുകൾ ചിലത് ഇളകിയ നിലയിലാണ്. വ്യാപാരികളും ഉപഭോക്താക്കളും സ്റ്റാളിനുള്ളിൽ തെന്നി വീഴുന്ന സ്ഥിതിയുണ്ട്. കെട്ടിടത്തിന്റെ പുറം ചുവരുകളുടെ പ്ലാസ്റ്ററിംഗ് ചിലയിടങ്ങളിൽ ഇളകി വീണിരിക്കുന്നു. നിർമ്മാണം പൂർത്തിയായ ആദ്യ ഘട്ടത്തിൽ മൊത്ത വ്യാപാരം നടത്തുന്ന സ്റ്റാളുകൾക്ക് 3000 രൂപയും ചില്ലറ കച്ചവടക്കാർക്ക് 1000 രൂപയുമാണ് ഈടാക്കിയിരുന്നത്. ഇപ്പോൾ 60 ശതമാനം വർദ്ധനവ് തുകയിൽ വന്നിട്ടുണ്ടെങ്കിലും സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ല. സ്റ്റാളുകൾക്ക് മതിയായ വലിപ്പം ഇല്ല എന്നുള്ളതാണ് പ്രധാന ആക്ഷേപം. ഒറ്റപ്പെട്ട ഇടങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നു. യാർഡ് പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ നഗരസഭ 50 ലക്ഷം രൂപ മുടക്കി പരിസരം ഇന്റർലോക്ക് പാകി ഉയർത്തിയിരുന്നു.


ശൗചാലയമില്ല,​ മാലിന്യ സംസ്‌കരണം പാളി


ദിനംപ്രതി നൂറു കണക്കിന് ആളുകൾ വന്നു പോകുന്ന മാർക്കറ്റിൽ പണിതത് രണ്ട് ചെറിയ ശുചിമുറികൾ. നിലവിൽ ഇത് ഉപയോഗ്യ ശൂന്യമാണ്. മത്സ്യമാർക്കറ്റിൽ നിന്നും പുറംതള്ളുന്ന പ്ലാസ്റ്റിക് കവറുകളും തെർമോകോൾ പെട്ടികളുമടങ്ങുന്ന ഖരമാലിന്യങ്ങളും വ്യാപകമായ രീതിയിൽ സമീപത്തുള്ള ബൈപ്പാസ് റോഡിൽ കുമിഞ്ഞുകൂടുന്നു. ഡെങ്കിപ്പനിയുൾപ്പെടെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ വ്യാപകമായി മാലിന്യം കുമിഞ്ഞുകൂടുന്നത്. കോവിഡ് മഹാമാരികാലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട് മാലിന്യ നീക്കം പൂർണമായി നിലച്ചു. ലക്ഷങ്ങൾ മുടക്കി പണിത ബയോഗ്യാസ് പ്ലാന്റ് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. നിലവിൽ മത്സ്യമാംസ അവശിഷ്ടങ്ങൾ വ്യാപാരികൾ സ്വയം പണം മുടക്കിയാണ് നീക്കംചെയ്യുന്നത്.


തെരുവ് നായ ശല്ല്യം രൂക്ഷം


മാലിന്യം നിക്ഷേപിക്കരുത് എന്ന് നഗരസഭയുടെ മുന്നറിയിപ്പ് ബോർഡിന് പിന്നിലായി തന്നെ മാലിന്യം കുന്നുകൂടി കിടക്കുന്നു. മത്സ്യ മാംസ അവശിഷ്ടങ്ങൾ ഭക്ഷിക്കുവാൻ എത്തുന്ന തെരുവ് നായ്ക്കളുടെ ശല്ല്യവും പ്രദേശത്ത് രൂക്ഷമാണ്.