വൈക്കം: തോട്ടകം ഹെറിറ്റേജ് പ്ലാസ്സയിൽ ദൂരപരിധി ലംഘിച്ചുകൊണ്ട് പുതിയ ബാർ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു.
തലയാഴം ഗ്രാമപഞ്ചായത്തിലെ വളരെ പിന്നാക്കം നിൽക്കുന്ന പ്രദേശമാണ് തോട്ടകം. കർഷകരും കർഷക തൊഴിലാളികളും മറ്റ് പാവപ്പെട്ട ആളുകളും ധാരാളമായി തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ സ്വൈര്യ ജീവിതം തകർക്കാനിടയാക്കുന്നതും പുതിയ തലമുറയെ മദ്യപാനത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതുമായിരിക്കും പുതിയ ബാറിന്റെ പ്രവർത്തനം. തൊട്ടടുത്തുളള ഗവ. സ്‌കൂളിൽ നിന്നുളള ദൂരപരിധി കൃത്യമായി പാലിക്കാതെയാണ് ബാർ ലൈസൻസ് നൽകുന്നത്.
ബാറുകളുടെയും വിദേശമദ്യത്തിന്റെയും അനിയന്ത്രിതമായ വ്യാപനം പരമ്പരാഗത വ്യവസായമായ കളള് ചെത്തുവ്യവസായത്തെ പാടേ തകർത്തുകൊണ്ടിരിക്കുകയാണ്. ഈ ബാറിന്റെ പ്രവർത്തനം തുടങ്ങിയാൽ തോട്ടകത്തും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി ഷാപ്പുകൾ കൂടുതൽ തകർച്ചയിലേയ്ക്ക് പോവുകയും നൂറു കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യും. പുതിയ ബാറിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് യൂണിയൻ പ്രസിഡന്റ് അഡ്വ.വി.ബി.ബിനുവും ജനറൽ സെക്രട്ടറി ടി.എൻ.രമേശനും പറഞ്ഞു.