rd

കോട്ടയം: ഈ റോഡിലെത്തിയാൽ റോഡാണോ കുളമാണോയെന്ന് തോന്നിപ്പോകും. അത്തരത്തിലൊരു റോഡാണ് കോടിമത മുപ്പായിപ്പാടം റോഡ്. റോഡ് തകർന്നിട്ട് വർഷങ്ങളായി. പക്ഷേ ഈ റോഡിന്റെ കാര്യം അധികൃതർ മറന്ന മട്ടാണെന്ന് തോന്നുന്നു. ആരും തിരിഞ്ഞുപോലും നോക്കുന്നില്ല. തങ്ങളുടെ ദുരവസ്ഥയ്ക്ക് ഇനിയെന്നാണ് ഒരറുതിയുണ്ടാവുകയെന്ന് നാട്ടുകാരും ചോദിക്കുന്നു.

മുപ്പായിപ്പാടം നിവാസികൾക്കും യാത്രക്കാർക്കും എം.സി റോഡിൽ നിന്നും മണിപ്പുഴ പാലം ചുറ്റാതെ മുപ്പായിപ്പാടത്തേയ്ക്കും ബൈപ്പാസ് റോഡിലേയ്ക്കും എത്തിച്ചേരാനുള്ള എളുപ്പമാർഗം കൂടിയാണിത്. റോഡിൽ ചെറുതും വലുതുമായ കുഴികളും മെറ്റലും നിറഞ്ഞ നിലയാണ്. കുഴികളിൽ ആവട്ടെ വെള്ളക്കെട്ടും. ഇരു ചക്രവാഹനങ്ങൾ ആണ് ഇവിടെ ഏറെയും അപകടത്തിൽപ്പെടുന്നത്.

എം.സി റോഡിൽ തടസം നേരിടുന്ന സമയത്ത് കോട്ടയം ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ ഇതുവഴിയാണ് കടത്തിവിട്ടിരുന്നത്.

ദുരിതമൊഴിയാതെ
റോഡ് തകർന്നു തരിപ്പണമായി കിടക്കുന്നതു മൂലം ഓട്ടോറിക്ഷ പോലും ഇതുവഴി പോകാറില്ല. നാട്ടുകാർ ഒാട്ടം വിളിച്ചാൽ ഡ്രൈവർമാർ വരാനും മടി കാണിക്കും. അവരെ പറഞ്ഞിട്ട് കാര്യമില്ല,​ റോഡിന്റെ ഗതി ഇതല്ലേയെന്ന് നാട്ടുകാർ വിഷമത്തോടെ പറയുന്നു. റോഡിന്റെ ശോച്യാവസ്ഥ അറിയാതെ എത്തുന്ന ഇരുചക്രവാഹനങ്ങൾ മാത്രമാണ് ഈ റോഡ് ഉപയോഗിക്കുന്നത്. ഇടക്കാലത്ത് റോഡിന്റെ ഒരു ഭാഗം മാത്രം ടാർ ചെയ്തിരുന്നെങ്കിലും പൂർണമായും സഞ്ചാരയോഗ്യമല്ല. രാത്രിയായാൽ വഴിവിളക്കുകൾ തെളിയില്ല. ഇതിനാൽ പ്രദേശം ഇരുട്ടിലാണ്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം കൂടിയാണിവിടം. റോഡിന് ഇരുവശങ്ങളും പാടശേഖരങ്ങളും കാട് പിടിച്ചു കിടക്കുന്ന ഭാഗങ്ങളും ഇവിടെയേറെയാണ്. കാട് പിടിച്ചു കിടക്കുന്നതും വാഹനങ്ങളുടെ സഞ്ചാരം കുറവായതും ഇരുട്ടും മാലിന്യ നിക്ഷേപകർക്കും സഹായകമാകുന്നു. നഗരസഭയുടെ മുന്നറിയിപ്പ് ബോർഡിനെയും അവഗണിച്ചാണ് മാലിന്യ നിക്ഷേപം. സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രം കൂടിയാണിവിടം.