nadappanthal

പൊൻകുന്നം: ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ നാട്യമണ്ഡപത്തോടുകൂടിയ നടപ്പന്തൽ നിർമ്മാണം ആരംഭിച്ചു. ക്ഷേത്രമതിൽക്കകത്ത് തെക്കുകിഴക്ക് കോണിൽ കലശമണ്ഡപത്തിനുള്ള സ്ഥലത്ത് നാട്യമണ്ഡപം പ്രത്യേകമായി നിർമ്മിക്കും. ഇതിനോട് ചേർന്ന് ഓടുപാകി പൗരാണികമായ രീതിയിൽ 38 അടി വീതിയും 25 അടിയിലേറെ പൊക്കവും 120 അടിയോളം നീളവും വരുന്ന കൂറ്റൻ നടപ്പന്തലാണ് പണിയുന്നത്. തച്ചുശാസ്ത്രജ്ഞൻ വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിയുടെ കണക്കും പ്ലാനും പ്രകാരം അയ്യായിരം ചതുരശ്രഅടിക്ക് മുകളിൽ വരുന്ന നിർമ്മാണത്തിന് പതിനഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നടപ്പന്തൽ പൂർത്തിയാകുന്നതോടെ രാമായണ പാരായണം, നവരാത്രി ആഘോഷങ്ങൾ, ആലങ്ങാട്ട് സംഘത്തിന്റെ പാനക പൂജ, കൂടാതെ ക്ഷേത്രകലകൾ, സപ്താഹം, തിരുവുത്സവ ദിവസങ്ങളിലെ എഴുന്നള്ളിപ്പ് തുടങ്ങിയ കാര്യങ്ങൾക്കായി ഇത് ഉപയോഗിക്കാൻ കഴിയും. ക്ഷേത്ര സങ്കേതത്തിന് ഇണങ്ങും വിധം മേൽക്കൂര ഓട് പാകി, മുഖപ്പുകളോട് കൂടിയാണ് നിർമ്മാണം. 800 വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രം മൂന്നു കോടിയോളം രൂപ മുടക്കിയാണ് അടുത്ത കാലത്ത് പുതുക്കിപ്പണിതത്.

നാട്യമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും ശിലാസ്ഥാപനം മേൽശാന്തി കിഴക്കേയിൽ ഇല്ലം അനിൽനമ്പൂതിരി നിർവഹിച്ചു. കീഴ്ശാന്തി കെ.എം.ഹരിപ്രസാദ്
സഹകാർമ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് കെ.വിനോദ് മുളയ്ക്കൽ, സെക്രട്ടറി ഡി.കെ.സുനിൽകുമാർ കാഞ്ഞിരമുറ്റം, അസി.സെക്രട്ടറി എം.പി.കേശവൻ നായർ തുടങ്ങിയവർ പങ്കെടുത്തു.